ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹാപഞ്ചായത്ത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ സൗറം ഗ്രാമത്തിൽ ചേരുന്ന ഖാപ് നേതാക്കളുടെ യോഗത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ഖാപ് നേതാക്കൾ പങ്കെടുക്കും. ഈ സംസ്ഥാനങ്ങളിൽ 30-35 ഖാപ് നേതാക്കൾ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഭാരതീയ കിസാൻ യൂണിയൻ(ബി.കെ.യു) ദേശീയ നേതാവ് നരേഷ് ടികായത്ത് പറഞ്ഞു.
|
ചരിത്രപ്രസിദ്ധമായ സൗറാം ചൗപാലിൽ നടക്കുന്ന മഹാപഞ്ചായത്ത് ചർച്ചയിൽ ഗുസ്തിക്കാരുടെ പ്രതിഷേധമായിരിക്കും പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. ഈ താരങ്ങൾ കാരണമാണ് നമ്മൾ അന്താരാഷ്ട്ര കായികരംഗത്ത് തല ഉയർത്തി നിൽക്കുന്നത്, അവർ നാണക്കേട് കൊണ്ട് തല താഴ്ത്തുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല എന്നും നരേഷ് ടികായത് പറഞ്ഞു.
ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും. ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.
ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോർച്ച ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും.





