15
Oct 2024
Sat
15 Oct 2024 Sat
yahya sinwar final moments

”മരിച്ചുകിടക്കുന്ന സഖാക്കള്‍ക്കിടയില്‍, ജീവനോടെ നില്‍ക്കുന്ന അവസാനത്തെ മനുഷ്യന്‍. (Yahya sinwar final moments video) പൊടിപടലങ്ങളാല്‍ പൊതിഞ്ഞ്, കഷ്ടിച്ചു ജീവനോടെ നില്‍ക്കുമ്പോഴും, എല്ലാ പ്രതിബന്ധങ്ങളെയും എതിരിട്ട്, ഏതോ ഭീരു യന്ത്രത്തിനു പിറകില്‍ മറഞ്ഞുനിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണിനുനേരെ തന്റെ ബാക്കിയുള്ള കൈക്കൊണ്ട് ഏറ്റവും തൊട്ടടുത്തുള്ള ആയുധമെടുത്ത് നീട്ടിയെറിയുന്നു അയാള്‍. ഇത് ‘ടെര്‍മിനേറ്റര്‍'(സിനിമ) പോലെ തോന്നും, പക്ഷേ യാഥാര്‍ഥ്യമാണ്. ഈ വിഡിയോ പരസ്യമാക്കിയതിലൂടെ സിന്‍വാറിനെയും ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാട്ടത്തെയും അപമാനിക്കാമെന്നായിരിക്കും ഇസ്രായേല്‍ കരുതിയിരിക്കുക. എന്നാല്‍, ഇസ്രായേല്‍ സമൂഹത്തില്‍ വലിയൊരു വീഴ്ച സംഭവിച്ചിരിക്കുന്നു.”

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖയായ ബ്രിട്ടീഷ്-അമേരിക്കന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ജാക്കി വാക്കര്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങിനെയാണ്. ഇസ്രായേല്‍ രീതിയനുസരിച്ച് അസാധാരണമായൊരു നടപടിയെന്നാണ് വിഡിയോ പുറത്തുവിട്ടതിനെ കുറിച്ച് അവര്‍ പറഞ്ഞത്.

ജനങ്ങള്‍ എന്തൊക്കെ വിചാരിച്ചാലും ഒരു ഹോളിവുഡ് ഹീറോയുടെ മരണമാണിതെന്നും അവര്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ ഇസ്രായേലിന് വന്‍തിരിച്ചടി നല്‍കുമെന്നും അവര്‍ പറയുന്നു.

യഹ്യ സിന്‍വാര്‍; തൂഫാനുല്‍ അഖ്‌സയുടെ സൂത്രധാരന്‍; കര്‍ക്കശക്കാരനായ നേതാവ്

സൈനിക വേഷത്തില്‍, ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ കഫിയ്യ ധരിച്ച്, അക്ഷോഭ്യനായി ഒരു സോഫയില്‍ ഇരിപ്പുറപ്പിച്ച യഹ്യ സിന്‍വാര്‍. ബോംബാക്രമണത്തില്‍ വലത്തേ കരം നഷ്ടമായെങ്കിലും ഇടങ്കയ്യില്‍ ഒരു വടി പിടിച്ചായിരുന്നു ഇരിപ്പ്. പെട്ടെന്നു തനിക്കു നേരെ വന്ന ഇസ്രായേല്‍ ഡ്രോണ്‍ കാമറയ്ക്കു നേരെ ഇടങ്കയ്യില്‍ പിടിച്ച വടി എടുത്തുവീശി എറിയുന്നു, അവസാന നിമിഷത്തിലും കൈയില്‍ കിട്ടിയതെടുത്ത് ശത്രുവിനെതിരേ നീട്ടി എറിഞ്ഞ ഒരു യഥാര്‍ത്ഥ പോരാളിയുടെ പ്രതീകമായിരുന്നു ആ ദൃശ്യങ്ങള്‍.

ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ എന്ന പേരില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ട വിഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. പതിറ്റാണ്ടുകളായി തങ്ങളുടെ ഉറക്കംകെടുത്തുന്ന, ഏറെക്കാലമായി ഹമാസ് ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ടായ, ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരനായൊരാളെ വകവരുത്തിയതിന്റെ വിജയപ്രഖ്യാപനമായാണ് ആ അവസാനദൃശ്യങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടത്.

ഹമാസിനെയും പശ്ചിമേഷ്യയില്‍ തങ്ങള്‍ക്കെതിരെ പോരാടിനില്‍ക്കുന്ന സംഘങ്ങളെയുമെല്ലാം മാനസികമായി തളര്‍ത്തി യുദ്ധമുഖത്തുനിന്ന് പിന്തിരിപ്പിക്കാമെന്ന് പ്രതീക്ഷിച്ചാണ് ഇസ്രായേല്‍ ആ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍, ‘തന്ത്രപരമായ വീഴ്ച’യാണ് ആ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ ഇസ്രായേല്‍ ചെയ്തിരിക്കുന്നതെന്ന വിലയിരുത്തലുകളാണ് പൊതുവേ. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വിദഗ്ധരായ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രമുഖരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

സിന്‍വാറിന്റെ പോരാട്ടവീര്യത്തിന്റെയും ‘ധീരരക്തസാക്ഷ്യ’ത്തിന്റെയും തെളിവായി സോഷ്യല്‍ മീഡിയയില്‍ വിഡിയോ വ്യാപകമായി ആഘോഷിക്കപ്പെടുകയാണ്.

ഇത്രനാളും ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കളും ഐഡിഎഫും സിന്‍വാറിനെ കുറിച്ച് നിരന്തരം പടച്ചുവിട്ട വാദങ്ങളെയൊന്നാകെ ഈയൊരൊറ്റ വിഡിയോ പൊളിക്കുന്നുമുണ്ട്.

മുന്‍ യുഎന്‍ വെപണ്‍സ് ഇന്‍സ്പെക്ടറും യുഎസ് ഇന്റലിജന്‍സ് ഓഫിസറുമായ സ്‌കോട്ട് റിറ്റര്‍, ജാക്കി വാക്കറുടെ നിരീക്ഷണങ്ങള്‍ പങ്കുവച്ച് അവര്‍ പറഞ്ഞ വാദങ്ങള്‍ ശരിവയ്ക്കുന്നുണ്ട്. സിന്‍വാറിന്റെ മരണം ഹമാസിന് ഇപ്പോള്‍ തിരിച്ചടിയാണെങ്കിലും അത്ര വലിയ കാര്യമല്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ആളുകളെ കൊന്നാലും ആശയങ്ങള്‍ ഇല്ലാതാക്കാനാകില്ല. സിന്‍വാര്‍ ഫലസ്തീനു വേണ്ടിയാണു പോരാടിയത്. ഒരു മാസം കഴിഞ്ഞാല്‍ ആരും സിന്‍വാറിന്റെ മരണത്തെ കുറിച്ച് സംസാരിക്കില്ല. എല്ലാവരും ഹമാസ് പോരാളികളുടെ ചെറുത്തുനില്‍പ്പിനെ കുറിച്ചായിരിക്കും സംസാരിക്കുകയെന്നും സ്‌കോട്ട് പറയുന്നു.

കള്ളക്കഥകള്‍ പൊളിഞ്ഞു

ഈ വിഡിയോ ഇസ്രായേലിനു സംഭവിച്ച വലിയ വീഴ്ചയാണെന്ന് അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഡാന്‍ കോഹനും പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ആ കഫിയ്യയില്‍ ഡ്രോണ്‍ കാമറയ്ക്കുനേരെ വടിയെറിയുന്ന, സയണിസ്റ്റ് അധിനിവേശത്തിനെതിരെയുള്ള അവസാനത്തെ ചെറുത്തുനില്‍പ്പിന്റെ രംഗമാണത്. ഈ മരണത്തിലൂടെ അദ്ദേഹമൊരു ഇതിഹാസമായി മാറിയിരിക്കുകയാണെന്നും കോഹന്‍ പറയുന്നു.

ഇസ്രായേല്‍ ഭരണകൂടവും സൈന്യവും മാധ്യമങ്ങളുമെല്ലാം സിന്‍വാറിനെതിരെ കെട്ടിയുണ്ടാക്കിയ കള്ളക്കഥകളെല്ലാം ഈയൊരൊറ്റ വിഡിയോ പൊളിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ”നൂറോളം ബന്ദികളെ മനുഷ്യകവചങ്ങളാക്കി തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ പറഞ്ഞു. പെണ്ണായി വേഷപ്രച്ഛന്നനായി സാധാരണക്കാര്‍ക്കിടയില്‍ ഒളിച്ചുനടക്കുകയാണെന്നു പറഞ്ഞു പിന്നെ. അതുംകഴിഞ്ഞ് ഇറാനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും വാദിച്ചു.

എല്ലാം കള്ളങ്ങളായിരുന്നു. അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല അവര്‍ക്ക്. അവസാന നിമിഷംവരെ അധിനിവേശ സേനയ്ക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം എന്നതായിരുന്നു യാഥാര്‍ഥ്യം.”

ഫലസ്തീനികളും അല്ലാത്തവരുമായ മേഖലയിലെ ചെറുത്തുനില്‍പ്പ് പോരാളികള്‍ക്കൊന്നാതെ ഊര്‍ജം പകരുന്നതാണ് യഹ്യ സിന്‍വാര്‍ നേരിട്ട ഈ വിധിയും മനോഹരമായി പകര്‍ത്തപ്പെട്ട അദ്ദേഹത്തിന്റെ അവസാന ചിത്രവുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി എക്സില്‍ കുറിച്ചത്.

മരണത്തെ ഭയന്നില്ല, ഗസ്സയില്‍ രക്തസാക്ഷ്യം അന്വേഷിച്ചുനടക്കുകയായിരുന്നു അദ്ദേഹം. അവസാനശ്വാസം വരെ അദ്ദേഹം പോര്‍മുഖത്ത് ധീരതയോടെ പോരാടി. ഫലസ്തന്‍ ജനതയുടെ വിമോചനത്തിനു വേണ്ടിയുള്ള ഈ നിസ്വാര്‍ഥ പോരാട്ടത്തെ ലോകമെമ്പാടുമുള്ള അനേകായിരങ്ങള്‍ക്കൊപ്പം ഞങ്ങളും അഭിവാദ്യം ചെയ്യുന്നുവെന്നും അറാഗ്ചി കുറിച്ചു.