മൂക്കിലെ ദശ നീക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തി; ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു, മൃതദേഹം പുറത്തെടുത്ത് പരിശോധന
|
കല്‍പറ്റ: വയനാട് കല്‍പറ്റയില്‍ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സിസംബര്‍ ഒന്നിന് മരിച്ച പുല്‍പ്പള്ളി ചോലിക്കര സ്വദേശി സ്റ്റെബിന്‍ ജോണിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. മൂക്കില്‍ ദശയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി രാവിലെ ഒറ്റയ്ക്ക് കാറോടിച്ച് ആശുപത്രിയിലെത്തിയ സ്റ്റെബിന്‍ വൈകീട്ട് ആറരയോടെ മരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് കല്‍പറ്റയിലെ ഫാത്തിമ മാതാ മിഷന്‍ ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
മൂക്കില്‍ വളര്‍ന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ചായിരുന്നു സ്റ്റെബിന്‍ എത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഡിസംബര്‍ ഒന്നിന് മരിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്നാണ് കുടംബത്തിന്റെ ആരോപണം.
മരിച്ച ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി, കളക്ടര്‍, ഡിഎംഒ, ആരോഗ്യ മന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മൃതദേഹം വീണ്ടും പുറത്തെടുത്തത്. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Relatives said that the death of the young man was due to medical error; The body was exhumed and sent for post-mortem





