26
Jun 2024
Sat
26 Jun 2024 Sat
YSR congress office demolished

അമരാവതി: തെലുഗുദേശം പാര്‍ട്ടി അധികാരത്തിലെത്തിയതോടെ  ആന്ധ്രപ്രദേശിലെ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. (YSR Congress office demolished in violation of court order; Jagan Mohan Reddy alleged it as Naidu’s revenge) മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ വിജയവാഡയിലുള്ള ഓഫിസ് കോടതി ഉത്തരവ് മാനിക്കാതെ പൊളിച്ചു. നടപടി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍ന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ജഗന്‍ റെഡ്ഡി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടം പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചിരിക്കെയാണ് നടപടിയുമായി മുന്നോട്ടുപോയതെന്നും വൈ.എസ്.ആര്‍.സി.പി ചൂണ്ടിക്കാണിച്ചു. കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തിരുന്നു.

”ആന്ധ്രപ്രദേശില്‍ ചന്ദ്രബാബുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പുതിയ തലത്തില്‍ എത്തിയിരിക്കുന്നു. തടപ്പള്ളിയില്‍ പണിപൂര്‍ത്തിയാകാറായ വൈ.എസ്.ആര്‍.സി പാര്‍ട്ടി സെന്‍ട്രല്‍ ഓഫീസ് ഒരു സ്വേച്ഛാധിപതി തകര്‍ത്തിരിക്കുന്നു. ഹൈക്കോടതി ഉത്തരവ് അവഗണിച്ചാണ് നടപടി. സംസ്ഥാനത്ത് നീതിന്യായ സംവിധാനം പൂര്‍ണമായും ഇല്ലാതായി. അദ്ദേഹത്തിനു കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തെ ഭരണം എങ്ങനെയായിരിക്കുമെന്ന് ഈ നടപടിയിലൂടെ കാണിച്ചുതരുന്നു.

ഭീഷണികളോ അക്രമ പ്രവൃത്തികളോ വൈ.എസ്.ആര്‍.സി.പിയെ പിന്തിരിപ്പിക്കില്ല. ഞങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി പോരാടും. രാജ്യത്തെ എല്ലാ ജനാധിപത്യവാദികളും ചന്ദ്രബാബുവിന്റെ ദുര്‍വൃത്തിയെ അപലപിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു” -ജഗന്‍ റെഡ്ഡി എക്‌സില്‍ കുറിച്ചു.

അതേസമയം, കെട്ടിടം ജലസേചന വകുപ്പിന്റെ ഭൂമിയില്‍ അനിധികൃതമായാണ് നിര്‍മിച്ചതെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ആരോപിക്കുന്നു. അനധികൃത നിര്‍മാണത്തിനെതിരേ കാപിറ്റല്‍ റീജിയന്‍ ഡവലപ്‌മെന്റ് അതോറിറ്റി പ്രതിപക്ഷ പാര്‍ട്ടിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരേ വെള്ളിയാഴ്ച്ച വൈഎസ്ആര്‍സിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചതായും ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നതായുമാണ് വൈഎസ്ആര്‍സിപി വക്താവ് അവകാശപ്പെടുന്നത്.

ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ പ്രതികാര നടപടി ഇത് ആദ്യത്തേതല്ല. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ ജഗന്‍ റെഡ്ഡിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന നിര്‍മിതികള്‍ ജൂണ്‍ 15ന് പൊളിച്ചിരുന്നു. ജഗന്‍ ആന്ധ്രയുടെ മുഖ്യമന്ത്രി പദമൊഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു നടപടി.