ബംഗളൂരു: ദക്ഷിണ കന്നഡയിലെ ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ റെയ്ഡ്. (Yuva Morcha leader Praveen Nettaru murdered; NIA raids 16 places in Karnataka) കേരളത്തിന് പുറമേ കര്‍ണാടകയിലെ 16 ഇടങ്ങളിലും തമിഴ്‌നാട്ടിലുമാണ് എന്‍ഐഎ റെയ്ഡ്. വ്യാഴാഴ്ച്ച രാവിലെ മുതലാണ് പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.
|
കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുസ്തഫ പൈച്ചാറും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ മന്‍സൂര്‍ പാഷയും ഈയിടെ പിടിയിലായിരുന്നു. ഇരുവരെയും ഹാസന്‍ ജില്ലയിലെ ആനെമഹല്‍ ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണു സൂചന.
കേരളത്തില്‍ കാസര്‍കോഡും കണ്ണൂരും കൊച്ചിയിലും പരിശോധന നടന്നതായാണ് സൂചന. കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നതായി എന്‍.ഐ.എ സംശയിക്കുന്ന പുത്തൂര്‍, കയ്യൂഡിലെ അബൂബക്കര്‍ സിദ്ദിഖ് എന്നയാളുടെ ഉപ്പിനങ്ങാടിയിലുള്ള ഭാര്യാവീട്ടിലാണ് എന്‍.ഐ.എ ഇന്നു പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ണൂരില്‍ സംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്‍.ഐ.എയുടെ മറ്റൊരു സംഘം കൊച്ചിയിലും റെയ്ഡ് തുടരുന്നുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടില്ല. മറ്റൊരു സംഘം തമിഴ്നാട്ടിലും പരിശോധന നടത്തുന്നതായാണ് അറിവ്.
2022 ജൂലൈയിലാണ് യുവമോര്‍ച്ചാ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ ബെല്ലാരി ഗ്രാമത്തില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു. അക്രമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. 2022 ആഗ്സത് 4ന് ആണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
2023 ജനുവരിയില്‍ എന്‍ഐഎ 21 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 19 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മുസ്തഫ പൈച്ചാറിനെ കണ്ടെത്തുന്നവര്‍ക്ക് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പ്രവീണ്‍ കൊല്ലപ്പെട്ട സുള്ള്യ ബെള്ളാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാസര്‍കോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലപാതകമെന്നാണ് പൊലീസും എന്‍.ഐ.എയും പറയുന്നത്.





