27
Mar 2023
Sat
27 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 9നാണ് 13 കാരി മരിച്ചത്. പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടർന്നാണ് പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി കണ്ടെത്തുന്നത്.

പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് തുടർച്ചതായി ഫോൺകോളുകൾ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വിഷ്ണുവിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.