17
Apr 2025
Mon
17 Apr 2025 Mon
Israeli soldier

തെല്‍ അവീവ്: ഗസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ 7 മുതല്‍ 16,500 സൈനികര്‍ ചികില്‍സ തേടിയതായി റിപോര്‍ട്ട്. (16,500 Israeli soldiers sought treatment since October 7) ഇസ്രായേല്‍ സുരക്ഷാ മന്ത്രാലയത്തിലെ റീഹാബിലിറ്റേഷന്‍ ഡിവിഷന്റെ കണക്ക് ഉദ്ധരിച്ച് ചാനല്‍ 11 ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റവരെ കൂടാതെ 7,300 പേര്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്കും ചികില്‍സ തേടിയെത്തിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ സൈന്യം കടുത്ത മനുഷ്യ വിഭവ ക്ഷാമം നേരിടുന്നതായി കഴിഞ്ഞ ദിവസം മുന്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്കബ് നഗേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ നിന്ന് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ സൈനിക തന്ത്രങ്ങള്‍ പുനപ്പരിശോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ALSO READ: ഇസ്രായേലിനെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ

ഒക്ടോബര്‍ ആക്രമണത്തിന് മുമ്പ് തന്നെ ഇസ്രായേല്‍ സൈന്യത്തില്‍ ആള്‍ക്ഷാമം നേരിടുന്നുണ്ട്. ഹമാസ് ആക്രമണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. സ്ഥിരം സൈനികര്‍ക്കു പുറമേ നിര്‍ബന്ധിത സൈനിക സേവകരിലും റിസര്‍വ് സേനയിലും പ്രതിസന്ധി നേരിടുന്നുണ്ട്.

സൈനികരുടെ കടുത്ത സമ്മര്‍ദ്ദം മാറ്റുന്നതിന് യുദ്ധത്തില്‍ ഒരു ഇടവേള ആവശ്യമാണെന്ന് പല ഇസ്രായേലി മാധ്യമങ്ങളും വിദഗ്ധരെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. സൈനികര്‍ക്കു വിശ്രമവും പരിശീലനവും ആവശ്യമാണെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ആള്‍ക്ഷാമം കാരണം ഗസയിലേക്ക് വെള്ളിയാഴ്ച്ച പോകേണ്ടിയിരുന്ന റിസര്‍വ് സേനയ്ക്ക് പുറപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ മിലിറ്ററി അഫയേഴ്‌സ് അനലിസ്റ്റ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ ഇടങ്ങളില്‍ ഒരേ സമയം സൈനിക നടപടി ആരംഭിക്കുന്ന അപകടകരമായ നീക്കം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.