|
തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ മസ്റ്ററിങ് നടത്താന്‍ ഇനി രണ്ട് ദിവസം കൂടി ബാക്കി. മസ്റ്ററിങ് നടത്താനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ അംഗങ്ങളായ 1.05 കോടിയില്‍ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 48 ലക്ഷത്തില്‍പരം പേര്‍ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്.
മഞ്ഞ, പിങ്ക് എന്നിവയില്‍ 1.53 കോടി അംഗങ്ങളാണ് കേരളത്തില്‍ ആകെ ഉള്ളത്. ഇതില്‍ 68.5 ശതമാനം പേരുടെ മാത്രമാണ് മസ്റ്ററിങ് പൂര്‍ത്തിയായത്. അതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനം മസ്റ്ററിങ് നടത്താന്‍ തീരുമാനമെടുത്തത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (e- kyc) മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തേണ്ടതാണ്.
കിടപ്പുരോഗികള്‍, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങള്‍ പതിയാത്തവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവരുടെ മസ്റ്ററിങ് നടത്താന്‍ പ്രത്യേക സംവിധാനം ഇനിയും ആരംഭിച്ചിട്ടില്ല. താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അറിയിച്ചാല്‍ കിടപ്പുരോഗികളുടെ വീട്ടിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സൗജന്യ റേഷന്‍ ലഭിക്കുന്നവര്‍ തുടര്‍ന്നും അര്‍ഹരാണെന്ന് ഉറപ്പിക്കാനാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് സമയത്ത് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും കരുതണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മലപ്പുറത്ത് സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനുള്ള മസ്റ്ററിംഗ് നടത്താത്ത 35,947 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല
അതേസമയം, മലപ്പുറത്ത് സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനുള്ള മസ്റ്ററിംഗ് നടത്താതെ 35,947 പേര്‍. സമയപരിധി അവസാനിച്ചതോടെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ജില്ലയില്‍ 5,31,423 പേരാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 4,95,476 പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായില്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശേഷിച്ചതോടെ സര്‍ക്കാര്‍ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്. വിധവ പെന്‍ഷന്‍ പുനര്‍വിവാഹിതയാണോ എന്നതിനുള്ള പരിശോധനയാണ്. പ്രത്യേക പോര്‍ട്ടലിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്.
ആഗസ്റ്റില്‍ 63,789 പേരാണ് ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് പൂര്‍ത്തായിക്കാന്‍ അവശേഷിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതും മലപ്പുറത്തായിരുന്നു. മസ്റ്ററിംഗ് കാലാവധി നീട്ടിയതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം ശക്തമാക്കിയതോടെയാണ് ജില്ലയിലെ അവസ്ഥ മെച്ചപ്പെട്ടത്.
2 more days left; So far 1 crore people have done ration mustering





