പാകിസ്താനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ അയച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഈ വർഷമാദ്യമാണ് പാകിസ്താനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ തൊടുത്തത്. സംഭവത്തിൽ പട്ടാളക്കോടതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിരിച്ചുവിടാൻ തീരുമാനമായതെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.
|
പ്രാഥമികാന്വേഷണത്തിൽ മൂന്ന് ഉദ്യോഗസ്ഥരും തെറ്റുകാരാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂവരെയും ഉടനടി പിരിച്ചുവിടാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം മാർച്ച് ഒമ്പതിനായിരുന്നു ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് മിസൈൽ അയച്ചത്. സംഭവത്തിൽ ഖേദപ്രകടനം നടത്തിയ പ്രതിരോധമന്ത്രാലയം സാങ്കേതിക തകരാർ ആണ് മിസൈൽ ആക്രമണത്തിനു കാരണമെന്നും വിശദീകരിച്ചിരുന്നു. പാകിസ്താന്റെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ ഉള്ളിലാണ് മിസൈൽ പതിച്ചത്.
തങ്ങളുടെ വ്യോമമേഖല കടന്നുനടത്തിയ ഇന്ത്യയുടെ മിസൈൽ ആക്രണത്തെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്താൻ അന്ന് അപലപിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. മിസൈൽ പൊട്ടിത്തെറിക്കാത്തതിനാൽ ആളപായമുണ്ടായില്ല എന്നത് ഇരുരാജ്യങ്ങൾക്കും ആശ്വാസം പകർന്നിരുന്നു.



