17
Jun 2023
Fri
17 Jun 2023 Fri

വാഷിങ്ടൺ: അറ്റ്‌ലാൻറിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ‘ടൈറ്റൻ’ തകർന്നെന്നും അഞ്ച് യാത്രക്കാരും മരിച്ചതായുംസ്ഥിരീകരണം. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നതിന് പിന്നാലെയാണ് കമ്പനിയുടെ സ്ഥിരീകരണം വന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.

യുഎസ് കോസ്റ്റ് ഗാർഡ് ആണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിലുള്ള സെന്റ് ജോൺസ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ സമയത്തിൽ അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിന്റെ അടിത്തട്ടിലെത്തും. തകർന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും ഒരു മണിക്കൂർ വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, യാത്ര പുറപ്പെട്ട അന്തർവാഹിനിയിൽ നിന്ന്ഒന്നര മണിക്കൂർ പിന്നിട്ടശേഷം യാതൊരു സിഗ്‌നലും ലഭിച്ചില്ല. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്.