|
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷാവാറിൽ പള്ളിക്കുള്ളിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. 150 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.ടി) എന്ന ഭീകര സംഘടന ഏറ്റെടുത്തു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം. നിസ്‌കരിക്കാനെന്ന വ്യാജേന മുൻ നിരയിലുണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്‌ഫോടനത്തോടെ ചാവേർ പൊട്ടിത്തെറിച്ചതോടെ പള്ളിയുടെ ഒരുഭാഗം തകർന്നു. എന്നാൽ സ്‌ഫോടനം ചാവേർ ആക്രമണമാണോ ബോംബ് പള്ളിക്കുള്ളിൽ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ ആക്രമണം ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ സമയം നൂറുകണക്കിനാളുകളാണ് നിസ്‌കരിക്കാനായി പള്ളിയിലെത്തിയത്. മസ്ജിദിലെ ഇമാം സാഹിബ് സാദ നൂറുൽ അമീനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണമായും തകർന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





