ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ടുവന്നതിനെ തുടര്‍ന്ന് യുവാവ് ആറുവയസ്സുകാരിയെയും കുട്ടിയുടെ മാതാപിതാക്കളെയും അയല്‍വാസിയായ യുവാവ് വെടിവച്ചു. യുഎസിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം.
|
റോബര്‍ട്ട് ലൂയിസ് സിംഗളറ്റാരിയെന്ന 24കാരനാണ് ബാലികയെയും മാതാപിതാക്കളെയും വെടിവച്ചത്. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതി സ്വയം കീഴടങ്ങുകയായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. കുട്ടിയുടെ പിതാവ് ഗുരുതരനിലയില്‍ ചികില്‍സയില്‍ തുടരുകയാണ്.
കുട്ടികള്‍ കളിക്കുന്നതിനിടെ പന്ത് പ്രതിയുടെ വീടിന്റെ മുറ്റത്തേക്ക് തെറിച്ചെത്തുകയായിരുന്നു. ഇതെടുക്കാനെത്തിയ കുട്ടികളെ പ്രതി വഴക്കുപറഞ്ഞു. ഇതിനിടെ കുട്ടികളില്‍ ഒരാളുടെ പിതാവ് വിവരമറിഞ്ഞെത്തി പ്രതിയുമായി വഴക്കിട്ടു. ഇതോടെ വീടിന്റെ അകത്തുപോയ പ്രതി തോക്കുമായെത്തിയ ശേഷം അയല്‍വാസിയെയും ഭാര്യയെയും മകളെയും വെടിവയ്ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.