15
Jan 2025
Fri
15 Jan 2025 Fri

63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാവും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം.ടി – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും.

പ്രധാന ഹൈലൈറ്റുകള്‍

* ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

* 25 വേദികളില്‍ മത്സരങ്ങള്‍ നടക്കും

* സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി.

* മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയത്.

* മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

* മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

* മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

* മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.

* പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

* സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും.

* കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍.

* കാസര്‍കോട് നിന്ന് ആരംഭിച്ച സ്വര്‍ണകപ്പ് ഘോഷയാത്ര ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ എത്തിച്ചേരും. വിവിധ സ്‌കൂളുകളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യില്‍ എത്തിച്ചേരുന്ന ഘോഷയാത്രയില്‍ മന്ത്രി വി ശിവന്‍ കുട്ടി സ്വര്‍ണകപ്പ് ഏറ്റുവാങ്ങും. തുടര്‍ന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

* സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

* കരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് മേളയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ പ്രത്യേക തിരിച്ചറിയല്‍ കോഡുകളോട് കൂടിയ സ്റ്റിക്കറുകള്‍ പതിക്കും.

* പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തല്‍ തയ്യാറാകുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍.

* അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനവും, ആംബുലന്‍സും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മ്മസേനയുടെ സേവനം ലഭ്യമാകും.

* ജനുവരി 8ന് വൈകിട്ട് 5 ന് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

* കലോത്സവത്തിനെത്തുന്ന മല്‍സരാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓരോ ജില്ലയിലെയും മത്സരാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്‌ട്രേഷന്‍ സെന്റര്‍, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. കൂടാതെ, നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍, താമസസ്ഥലത്തിന്റെ ഫോണ്‍ നമ്പര്‍, താമസ സ്ഥലത്തിന്റെ ലൊക്കേഷന്‍, കലോത്സവത്തിന്റെ ബ്രോഷര്‍, മത്സര സ്ഥലങ്ങളുടെ ലൊക്കേഷന്‍, നോട്ടീസ് എന്നിവയും ക്യൂ ആര്‍ കോഡിലൂടെ അറിയാം.

63rd State School Kalolsavam begins in Thiruvananthapuram tomorrow