30
Apr 2023
Mon
30 Apr 2023 Mon

കൊച്ചി: നഗരത്തിലെ ആശുപത്രിയില്‍ പരിക്കുകളോടെ എത്തിച്ച എണ്‍പത്തിയെട്ടുകാരി മരിച്ചത് പീഡനശ്രമത്തിനിടെയെന്നു തെളിഞ്ഞു. മരിച്ച സ്ത്രീയുടെ സഹോദരന്റെ മകനെ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 45 വയസ്സുള്ള പ്രതിയെ ഇന്നലെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്നു വിശദമായ മൊഴിയെടുക്കുമെന്ന് എസ്എച്ച്ഒ വിജയ്ശങ്കര്‍ പറഞ്ഞു. പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പൊലീസ് ചോദ്യംചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീഡനശ്രമം ചെറുത്തപ്പോള്‍ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നാണു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേര്‍ന്നു കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ നേരത്തേ മരിച്ചതായി ആശുപത്രിയിലെ പരിശോധനയില്‍ വ്യക്തമായി.

ഇവരുടെ മുഖത്തും കയ്യിലും പരുക്കുകളുണ്ടായിരുന്നു. ഈ പരുക്കുകള്‍ കണ്ടു സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയതോടെ ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ പീഡനശ്രമം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അവിവാഹിതയായ വയോധിക എറണാകുളം നോര്‍ത്തിലെ ഇരുനില വീട്ടില്‍ സഹോദരന്റെ മകനും ഭാര്യയ്ക്കുമൊപ്പമാണു താമസിച്ചിരുന്നത്.