കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.(Non-bailable case against Mukesh) നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു.
|
കഴിഞ്ഞ ദിവസം അന്വേഷണ സംഘ്ം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 354 പ്രകാരം കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്നും താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്നും മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.
നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പോലീസാണ് ജയസൂര്യക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
ഐപിസി 354, 354എ, 509എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരേ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.
നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു. ഇരുവര്‍ക്കും പുറമെ ഇടവേള ബാബു, മണിയന് പിള്ള രാജു, ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. പത്ത് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.
ഏത് സ്ഥലത്ത് വെച്ച്, എന്ന്, എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി നടി പറഞ്ഞു. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് സംഭവങ്ങളുണ്ടായതെന്നും നടി വ്യക്തമാക്കി.
അതേസമയം നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികള്‍ ഇന്ന് തന്നെ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറുമെന്നും എഐജി ജി പൂങ്കുഴലി വ്യക്തമാക്കി. കൃത്യം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും കേസെടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എഐജി കൂട്ടിച്ചേര്‍ത്തു.





