കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ മറ്റന്നാള്‍ നടക്കാനിരിക്കേ ഏറ്റവും കൂടുതല്‍ ആശങ്കയും ആകാംക്ഷയും മുസ്ലിം ലീഗ് അണികള്‍ക്ക്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികളില്‍ നിന്നും ലീഗ് പതാക ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് ലീഗിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്നുവെന്ന രീതിയിലായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം.
|
രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് പാര്‍ട്ടി കൊടികള്‍ക്ക് പകരം സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും പച്ച നിറത്തിലുള്ള ബലൂണുകളും മാത്രമായിരുന്നു ഉപയോഗിച്ചത്. മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കാനുള്ള തന്ത്രമെന്നായിരുന്നു അന്നത്തെ സ്ഥനാര്‍ത്ഥി ആനിരാജയും ഇടതുപക്ഷവും ഇതിനെ വിമര്‍ശിച്ചത്.
എന്നാല്‍, ഉത്തരേന്ത്യയില്‍ ബിജെപി മുതലെടുപ്പ് തടയാനാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ന്യായീകരണം. 2019 ലെ തിരഞ്ഞെടുപ്പ് സമയത്ത് ലീഗ് പതാക ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ ബിജെപി കോണ്‍ഗ്രസിനെതിരായ പ്രചരണ ആയുധമായി ഉപയോഗിച്ചിരുന്നു. ലീഗിന്റെ പതാക പാകിസ്താന്‍ പതാക എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു പ്രചരണം.
ALSO READ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവിനെ ഭാര്യ വിഷംകൊടുത്തുകൊന്നു
ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികളില്‍ നിന്നും ലീഗിന്റെ അടക്കം എല്ലാ പാര്‍ട്ടികളുടേയും പതാക ഒഴിവാക്കിയത്.
വയനാട് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇത്തവണയും ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നാളെ വൈകീട്ടാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തുന്നത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പം മണ്ഡലത്തില്‍ എത്തും. മറ്റന്നാളായിരിക്കും റോഡ് ഷോ.
ഇത്തവണ എല്ലാ പാര്‍ട്ടികളുടേയും പതാക ഉപയോഗിക്കാമെന്ന് ധാരണയെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലും പൊതു തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യമായിരുന്നു. ലീഗിന്റെ പതാക ഉപയോഗിക്കുന്നതോടെ അത് മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിയാകുമോ എന്നായിരുന്നു കഴിഞ്ഞ തവണത്തെ ആശങ്ക. അതുകൊണ്ട് ഒഴിവാക്കാമെന്നായിരുന്നു തീരുമാനം.
അത്തരമൊരു സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതിനാല്‍ എല്ലാ പാര്‍ട്ടികളും പതാക ഉപയോഗിച്ചേക്കും. അങ്ങനെ അല്ലെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും ബലൂണുകളുമായിരിക്കും പ്രചരണത്തിനായി ഉപയോഗിക്കുക.
കഴിഞ്ഞ ദിവസം ബത്തേരിയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുസ്ലിം ലീഗ് നേതാവ് പികെ ബഷീര്‍ പതാക ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ നീരസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയിരുന്നു.





