26
Nov 2024
Sat
26 Nov 2024 Sat
Mallu hindu officers whatsapp group

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു മാത്രമായി മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ-വാണിജ്യ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ അന്വേഷണം. (WhatsApp Group for Hindu IAS Officers; Police confirmed that Gopalakrishnan’s mobile was not hacked) ഗ്രൂപ്പ് ഉണ്ടാക്കിയത് സംബന്ധിച്ച് ഗോപാലകൃഷ്ണന്‍ പറഞ്ഞതു മുഴുവന്‍ നുണയാണെന്ന് ബോധ്യപ്പെട്ടതോടെയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് പുറത്തുനിന്നുള്ള ആരോ ആണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളുന്ന റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമീഷണര്‍ എസ്. സ്പര്‍ജന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോര്‍ട്ട് ഡി.ജി.പി ശനിയാഴ്ച സര്‍ക്കാറിന് കൈമാറിയേക്കും. കഴിഞ്ഞ നാലിന് ഗോപാലകൃഷ്ണന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ കണ്ട് പൊലീസിന് നല്‍കിയ സമാന വിശദീകരണം നല്‍കിയിരുന്നു.

ALSO READ: 10 രൂപയുടെ മുദ്രപ്പത്രം വാങ്ങി കള്ളനോട്ട് നിര്‍മിച്ച രണ്ടുപേര്‍ പിടിയില്‍

മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയത് സര്‍വിസ് ചട്ടലംഘനമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉന്നതസ്ഥാനം ലഭിക്കാനുള്ള ഉദ്ദേശ്യത്തോടെയാണിതെന്ന സൂചന ലഭിച്ചതിനാല്‍ നടപടി കടുത്തേക്കും.

ആദ്യപടിയായി വിശദീകരണം തേടി പൊതുഭരണവകുപ്പിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഗോപാലകൃഷ്ണന്റെ മൊബൈല്‍ ആരെങ്കിലും ഹാക്ക് ചെയ്തതായി തെളിവുകളൊന്നുമില്ലെന്ന് മെറ്റയും ഗൂഗിളും പോലിസിന് മറുപടി നല്‍കി. റിമോട്ട് ഹാക്കിങ് നടന്നിട്ടില്ലെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് ഗൂഗിളിന്റെ മറുപടി.

പ്ലേ സ്റ്റോറില്‍നിന്ന് അല്ലാത്ത ആപ്പുകള്‍ ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിള്‍ കണ്ടെത്തി. മെറ്റയും ഹാക്കിങ് വാദം തള്ളി. മറ്റ് ഐ.പി വിലാസത്തില്‍നിന്ന് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാവും അറിയിച്ചു. ഇരു ഫോണുകളിലും നടത്തിയ ഫോറന്‍സിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാനായില്ല.

ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പുകള്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഉണ്ടാക്കിയതെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസിന്റേത്. ഹാക്കിങ് നടന്നെന്ന ഗോപാലകൃഷ്ണന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.

ഫോണ്‍ ഹാക്ക് ചെയ്‌തെന്ന വാദം സാധൂകരിക്കാനാണ് ‘മല്ലു ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്’ ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ് ‘മല്ലു മുസ്ലിം ഓഫിസേഴ്സ് എന്ന ഗ്രൂപ് തുടങ്ങിയത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങിനെയൊരു നീക്കം നടത്തിയതെന്നാണ് സൂചന.

കേന്ദ്ര ഡെപ്യൂട്ടേഷനും ഉചിത സ്ഥാനവും ലഭിക്കാന്‍ ആദ്യ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചതായും സൂചനയുണ്ട്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയത്.