ദുബൈ: യു.എ.ഇ ബിസിനസ് ബേയിലെ ഗള്‍ഫ് ഫസ്റ്റ് കൊമേഴ്സ്യല്‍ ബ്രോക്കേഴ്സ് എന്ന സ്ഥാപനം ഒറ്റ രാത്രി കൊണ്ട് ആവിയായി. (Investment cheating in Dubai, Gulf first) ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ ബിസിനസ് നടക്കുന്നു എന്നവകാശപ്പെട്ടിരുന്ന കാപിറ്റല്‍ ഗോള്‍ഡന്‍ ടവറിലെ സ്യൂട്ട് 302 പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
|
കഴിഞ്ഞ മാസം വരെ, ഏകദേശം 40 ജീവനക്കാര്‍ സ്യൂട്ട് 302, 305 എന്നിവയില്‍നിന്ന് ഫോറെക്സ് ഓഫറുകളുമായി നിരന്തരം ഇന്‍വെസ്റ്റര്‍മാരെ ബന്ധപ്പെട്ടിരുന്നു. ഈ രണ്ട് സ്ഥലങ്ങളും ഇപ്പോള്‍ ശൂന്യമാണ്. ബ്രോക്കറേജ് സ്ഥാപനം ഓഫീസിലെ ടെലഫോണ്‍ കേബിളുകള്‍ ഉള്‍പ്പെടെ പറിച്ചെടുത്ത് മുങ്ങിയതോടെ നിക്ഷേപകര്‍ക്ക് ദശലക്ഷക്കണക്കിന് ദിര്‍ഹമാണ് നഷ്ടമായിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പണം നഷ്ടമായവരില്‍ മലയാളി പ്രവാസികളായ മുഹമ്മദും ഫയാസ് പോയില് എന്നിവരും ഉള്‍പ്പെടുന്നു. ഇരുവരും ചേര്‍ന്ന് 75,000 ഡോളറാണ് ഇവിടെ നിക്ഷേപിച്ചത്. ”ഞാന്‍ ഇവിടെ കാര്യങ്ങള്‍ അന്വേഷിക്കാനാണ് വന്നത്. എന്നാല്‍ ഒന്നും ബാക്കിയില്ല. ശൂന്യമായ ഓഫീസുകള്‍ മാത്രം. ഞങ്ങള്‍ എല്ലാ നമ്പറുകളിലേക്കും വിളിച്ചു. ആരും പ്രതികരിക്കുന്നില്ല- ഫയാസ് പറഞ്ഞു. ഇവിടെ ഇക്കാലം വരെ ആരും ഉണ്ടായിരുന്നില്ല എന്ന രീതിയിലാണ് ഓഫീസുള്ളത്.
സുരക്ഷിതമായ ലാഭം ഉറപ്പ് നല്‍കിയാണ് അവര്‍ തങ്ങളെ വലവീശിയതെന്ന് മറ്റൊരു ഇന്ത്യന്‍ നിക്ഷേപകനായ സഞ്ജീവ് പറഞ്ഞു, ആവര്‍ത്തിച്ചുള്ള ഉറപ്പുകള്‍ തന്റെ ജീവിത സമ്പാദ്യം ഇവിടെ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: അട്ടപ്പാടി, നിലമ്പൂര്‍ വനമേഖലയില്‍ ആയിരക്കണക്കിന് കിലോ സ്വര്‍ണം;ഖനന നീക്കം വിജയിക്കുമോ?
50,000 ഡോളര്‍ നഷ്ടപ്പെട്ട മുഹമ്മദ്, ജീവനക്കാര്‍ ഗള്‍ഫ് ഫസ്റ്റും സിഗ്മ വണ്ണും ഒരേ പ്രവര്‍ത്തനമാണെന്ന് അവകാശപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി. രണ്ട് കമ്പനികള്‍ക്കെതിരെയും പോലീസില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ഈ കമ്പനികളൊന്നും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കമ്പനിക്ക് സെന്റ് ലൂസിയ രജിസ്ട്രേഷനും ബുര് ദുബായിലെ മുസല്ല ടവറില്‍ ഒരു ഓഫീസും ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു ഓഫീസ് നിലവിലില്ല.
”സുരക്ഷിത ട്രേഡിംഗ് ‘ വാഗ്ദാനം ചെയ്യുന്ന കോള്‍ഡ് കോളുകള്‍ വഴിയാണ് നിക്ഷേപകരെ ഇവര്‍ വലയിലാക്കിയത്.
സാധാരണയായി, ക്രെഡിറ്റ് കാര്‍ഡുകള്‍ പരമാവധി ഉപയോഗിച്ചോ വായ്പ എടുത്തോ ആണ് പ്രവാസികളടക്കം നിക്ഷേപം നടത്തിയത്. കമ്പനിക്ക് ദുബയില്‍ ഓഫീസുകളുണ്ട് എന്ന കാര്യം കെട്ടുകഥയാണെന്നും പിന്നീട് കണ്ടെത്തി. ഈ പ്രവര്‍ത്തനങ്ങള്‍ ഒരേ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് നിക്ഷേപകര്‍ സംശയിക്കുന്നു.
ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കപ്പെട്ടത് എന്നാണ് മുഹമ്മദും ഫയാസും പറയുന്നത്. എന്റെ റിലേഷന്ഷിപ് മാനേജര്‍ 1,000 ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്താന്‍ എന്നെ പ്രേരിപ്പിച്ചു. കാലക്രമേണ, സുഗമമായ ട്രേഡിംഗിന്റെയും ആദ്യകാല ലാഭത്തിന്റെയും മായാജാലം കൊണ്ട് കൂടുതല്‍ ഫണ്ടുകള്‍ ചേര്‍ക്കാന്‍ ഞാന്‍ പ്രേരിപ്പിക്കപ്പെട്ടു-ഫയാസ് പറഞ്ഞു.
സിഗ്മ-വണ്‍ ക്യാപിറ്റലില്‍ നിക്ഷേപിച്ച് 230,000 ഡോളര്‍ (8,44,777 ദിര്‍ഹം) നഷ്ടപ്പെട്ട ഒരു നിക്ഷേപകന് പറഞ്ഞത് ഇങ്ങിനെയാണ്. കമ്പനി തന്റെ മാതൃഭാഷയായ കന്നടയില്‍ സംസാരിക്കുന്ന ഒരു റിലേഷന്ഷിപ് മാനേജരെ നല്കി, അവിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്തിരുന്നു. ”പ്ലാറ്റ്ഫോം ആദ്യം ചെറിയ ലാഭം കാണിച്ചു, ഞാന്‍ കുറച്ച് പണം പിന്‍വലിച്ചു. വിശ്വാസം വളര്‍ത്താന്‍ അത് പര്യാപ്തമായിരുന്നു.
പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തടഞ്ഞു. കൂടുതല്‍ നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടു. സാഹചര്യം വഷളായപ്പോള്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ മാനേജര്‍ നിരന്തരം പ്രേരിപ്പിച്ചു. അതിനിടെ ട്രേഡിംഗ് പ്ലാറ്റ്ഫോം അസാധാരണതകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ‘വീറ്റ്.സ്പോട്ട്’ പോലുള്ള അവ്യക്തമോ നിലവിലില്ലാത്തതോ ആയ ആസ്തികളില്‍ ട്രേഡുകള്‍ കാണിച്ചു. ഇത് ഞാന്‍ വളരെ വൈകിയാണ് കണ്ടെത്തിയത്. നഷ്ടം വീണ്ടെടുക്കാനായി ഞാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് ട്രാന്‍സ്ഫറുകളും എന്റെ ഭാര്യയുടെ സമ്പാദ്യം പോലും ഉപയോഗിച്ചു. കുറച്ചുകൂടി നിക്ഷേപിച്ചാല്‍ നേരത്തെ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന് അവര്‍ പറഞ്ഞുവിശ്വസിപ്പിച്ചു. ”ഓരോ നിക്ഷേപവും അവസാനത്തേതായിരിക്കുമെന്ന് കരുതിയെന്നും എന്നാല്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ദിവസവും കടം വാങ്ങിയവരില്നിന്നുള്ള ഫോണ്‍ വിളികളാണ്.
അതിവേഗമാണ് ഇവിടെയുള്ള ഓഫീസ് ഒഴിഞ്ഞതെന്നും താക്കോലുകളെല്ലാം തിരികെ നല്‍കിയെന്നും കാപിറ്റല്‍ ഗോള്‍ഡന്‍ ടവറിലെ സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.





