30
Jul 2025
Wed
30 Jul 2025 Wed
uae crackdown

ദുബൈ: യുഇഎയില്‍ വിസാ നിയമലംഘകരെ പിടികൂടുന്നതിന് വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുന്നു. (UAE conducts massive crackdown on visa violators; over 32,000 arrested) ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 32,000ത്തിലേറെ യുഎഇ വീസ നിയമലംഘകരെ പിടികൂടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിടികൂടിയവരില്‍ ചിലരെ നിയമനടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറാന്‍ തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നാല് മാസത്തെ വിസ പൊതുമാപ്പ് പദ്ധതി യുഎഇ നടപ്പാക്കിയിരുന്നു. ഇത് ആദ്യം ഒക്ടോബര്‍ 31ന് അവസാനിക്കാനിരുന്നതായിരുന്നുവെങ്കിലും 60 ദിവസത്തേക്ക് കൂടി പിന്നീട് നീട്ടി. നിയമലംഘകര്‍ക്ക് രാജ്യം വിടാനോ പുതിയ തൊഴില്‍ കരാര്‍ നേടി നിയമപരമായി രാജ്യത്ത് തുടരാനോ അവസരം നല്‍കുന്നതായിരുന്നു പൊതുമാപ്പ്.

പൊതുമാപ്പ് പദ്ധതിയിലൂടെ ഒട്ടേറെ വിസ നിയമലംഘകര്‍ തങ്ങളുടെ നിലവിലെ സ്ഥിതി നിയമവിധേയമാക്കി. പൊതുമാപ്പ് പദ്ധതിക്ക് ശേഷം താമസ നിയമം ലംഘിച്ചവര്‍ക്ക് വീണ്ടും പിഴകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

കാലാവധി കഴിഞ്ഞ വിസകളുള്ളവര്‍ തൊഴില്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അധികൃതരും പറഞ്ഞിരുന്നു. പിടികൂടിയ നിയമലംഘകരില്‍ 70 ശതമാനം പേരെയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തിയതായി അല്‍ ഖൈലി സ്ഥിരീകരിച്ചു. ചിലരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാന്‍ തടങ്കലില്‍ വച്ചിട്ടുണ്ട്.

നിയമലംഘകരെ പിടികൂടാന്‍ പ്രത്യേക ദൗത്യസേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎഇയുടെ പ്രവേശന, താമസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അവരെ സംരക്ഷിക്കുകയോ നിയമവിരുദ്ധമായി ജോലിക്ക് വയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.