ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയ്ന്‍ സ്ഫോടനക്കേസിലെ ആരോപണ വിധേയരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. (7/11 Mumbai Blasts :Supreme Court Stays Bombay HC’s Acquittal Judgment) ഹൈക്കോടതി വിധിക്കെതിരായ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീല്‍ അതിവേഗം പരിഗണിക്കണമെന്ന് ഇന്ന് രാവിലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ.
|
ആരോപണവിധേയര്‍ ജയിലിലേക്ക് തിരിച്ചുപോവണമെന്ന് വാദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരെ വെറുതെ വിട്ട സമയത്ത് ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരമുള്ള നിരവധി കേസുകളുടെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നാണ് തുഷാര്‍ മേത്ത വാദിച്ചത്.
പ്രതികള്‍ മുഴുവന്‍ മോചിപ്പിക്കപ്പെട്ടതായും അവരെ ജയിലിലേക്ക് തിരിച്ചയക്കേണ്ടതില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീലില്‍ ബോധിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ബോംബെ ഹൈക്കോടതി വിധി ഒരു കീഴ്വഴക്കമായി കണക്കാക്കരുത് എന്നതിനാല്‍ സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ALSO READ: സൗദിയില്‍ കുടുംബ സംഗമത്തിനിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍
ജൂലൈ 21ന് ആണ് മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടത്. നേരത്തേ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യവുമായി (മോക്ക) ബന്ധപ്പെട്ട പ്രത്യേക കോടതി പ്രതികളില്‍ 5 പേര്‍ക്ക് വധശിക്ഷയും 7 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.
2006 ജൂലൈ 11ന് പടിഞ്ഞാറന്‍ മുംബൈയില്‍ ലോക്കല്‍ ട്രെയ്നുകളില്‍ നടന്ന ഏഴ് സ്ഫോടനങ്ങളില്‍ 189 പേര് കൊല്ലപ്പെടുകയും 820ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രതികളെ വെറുതെവിട്ടത്.
കമാൽ അൻസാരി, മുഹമ്മദ് ഫൈസൽ അതാഉറഹ്മാൻ ശൈഖ്, ഇഹ്തശാം സിദ്ദീഖി, നവീദ് ഹുസൈൻ ഖാൻ, ആസിഫ് ഖാൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. തൻവീർ അഹ്മദ്, മുഹമ്മദ് മാജിദ്, ശൈഖ് മുഹമ്മദലി ആലം ശൈഖ്, മുഹമ്മദ് സാജിദ് അൻസാരി, മുസമ്മിൽ അതാഉറഹ്മാൻ ശൈഖ്, സുഹൈൽ മുഹമ്മദ്, സമീർ അഹമ്മദ് എന്നിവർക്കായിരുന്നു ജീവപര്യന്തം.
വാഹിദ് ശൈഖിനെ ഒമ്പത് വർഷത്തെ ജയിൽവാസത്തിനു ശേഷം മകോക കോടതി വെറുതെവിട്ടിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കമാൽ അൻസാരി 2021ൽ കോവിഡ് ബാധിച്ച് ജയിലിൽ മരിച്ചു. ശേഷിച്ചവർ 19 വർഷമായി വിവിധ ജയിലുകളിലാണ്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും സാക്ഷികളുടെ വിശ്വാസ്യത ചോദ്യംചെയ്തും ജസ്റ്റിസുമാരായ അനിൽ എസ്. കിലോർ, ശ്യാം സി. ചന്ദക് എന്നിവരുടെ പ്രത്യേക ബെഞ്ചാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. പീഡനത്തിന് ഇരയാക്കി കുറ്റസമ്മത മൊഴിയെടുത്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങൾ പ്രതികൾ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നത് സുരക്ഷിതമല്ല. അതിനാൽ ശിക്ഷാവിധി റദ്ദാക്കുന്നതായി ഹൈകോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
പ്രതികളെ കണ്ടെത്തി നിയമനടപടി പൂർത്തിയാക്കിയെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുകയും യഥാർഥ കുറ്റവാളികൾ മറഞ്ഞിരിക്കുന്നത് സമൂഹത്തിന് ഭീഷണിയായി തുടരുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ കണ്ടെന്നുപറഞ്ഞ ടാക്സി ഡ്രൈവറുൾപ്പെടെയുള്ള ദൃക്സാക്ഷികൾ ക്രോസ് വിസ്താരത്തിനിടെ മൊഴിമാറ്റിയതും പ്രതികളുടെ രേഖാചിത്രം വരക്കാൻ അവരുടെ രൂപം പറഞ്ഞുകൊടുത്ത ആളെ പ്രതികളെ തിരിച്ചറിയാൻ കോടതിയിൽ ഹാജരാക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.


