15
Sep 2025
Sat
15 Sep 2025 Sat
Israel google deal

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസുമായി ഗൂഗിള്‍ ആറുമാസത്തെ 45 മില്യണ്‍ ഡോളര്‍ കരാറില്‍ ഏര്‍പ്പെട്ടു. സര്‍ക്കാര്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക ഗസയിലെ പട്ടിണി ഉള്‍പ്പെടെയുള്ള മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി നിസാരവല്‍ക്കരിക്കുക എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് കരാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ അവസാനത്തോടെ ഒപ്പിട്ട ഈ കരാര്‍, നെതന്യാഹുവിന്റെ പൊതുജനസമ്പര്‍ക്ക തന്ത്രങ്ങളെ പിന്തുണയ്ക്കുന്ന ഒരു ‘പ്രധാന സ്ഥാപനം’ എന്നാണ് ഗൂഗിളിനെ വിശേഷിപ്പിക്കുന്നത്.

മാര്‍ച്ച് 2-ന് ഇസ്രായേല്‍ ഗസയിലേക്ക് ഭക്ഷണം, മരുന്ന്, ഇന്ധനം, മറ്റ് മാനുഷിക സഹായങ്ങള്‍ എന്നിവ തടഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രചാരണം ആരംഭിച്ചത്. ആ സമയത്ത് ഗസയെ പട്ടിണിക്കിടുന്ന ഇസ്രായേല്‍ നടപടി പൊതുജനങ്ങളുടെ പ്രതികരണങ്ങളില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ജനപ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അന്ന് ഇസ്രായേലി സൈന്യത്തിന്റെ ഒരു വക്താവ് പറഞ്ഞത്, ഗസയില്‍ പട്ടിണിയില്ലെന്ന് വിശദീകരിക്കാനും ആ രീതിയില്‍ വിവരങ്ങള്‍ വളച്ചൊടിക്കാനും ഒരു ഡിജിറ്റല്‍ പ്രചാരണം ആരംഭിക്കുമെന്നാണ്.

അതിനുശേഷം, ഗസയിലെ പട്ടിണി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. അതിലൊന്ന്, ഇസ്രായേലി വിദേശകാര്യ മന്ത്രാലയം നിര്‍മ്മിച്ച യൂട്യൂബ് വീഡിയോയാണ്. ‘ഗസയില്‍ ഭക്ഷണം ലഭ്യമാണ്. മറ്റ് ഏത് വാദവും കളവാണ്’ എന്ന് ആ വീഡിയോ പ്രഖ്യാപിച്ചു. പണം നല്‍കിയുള്ള പ്രചാരണത്തിലൂടെ ഈ വീഡിയോ 60 ലക്ഷത്തിലധികം തവണ ആളുകള്‍ കണ്ടു.

യൂട്യൂബിലൂടെയും ഗൂഗിളിന്റെ ഡിസ്പ്ലേ & വീഡിയോ 360 പ്ലാറ്റ്ഫോമിലൂടെയുമാണ് ഈ പരസ്യം പ്രചരിപ്പിച്ചത്. സര്‍ക്കാര്‍ രേഖകളില്‍ ഇവയെ ‘ഹസ്ബറ’ ( പ്രചാരണം’ എന്നര്‍ത്ഥം വരുന്ന ഹീബ്രു പദം) എന്നാണ് വിശേഷിപ്പിക്കുന്നത്.

കൂടാതെ, അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ എക്സുമായി 3 മില്യണ്‍ ഡോളറും ഫ്രഞ്ച്-ഇസ്രായേലി പ്ലാറ്റ്ഫോമായ ഔട്ട്ബ്രെയിന്‍/ടീഡ്സുമായി 2.1 മില്യണ്‍ ഡോളറും പരസ്യങ്ങള്‍ക്കായി ഇസ്രായേല്‍ ചെലവഴിച്ചതായും രേഖകള്‍ കാണിക്കുന്നു.

ഗസ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചതനുസരിച്ച്, ആഗസ്റ്റില്‍ 12 കുട്ടികളുള്‍പ്പെടെ 85 പേരാണ് പട്ടിണി മൂലം മരിച്ചത്. ഇസ്രായേല്‍ യുദ്ധം തുടങ്ങി രണ്ട് വര്‍ഷത്തിനിടയില്‍, ഇത് ഒരു മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണ്.

ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഐപിസി (ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍) കഴിഞ്ഞ മാസം ഗസയെ ഒരു ക്ഷാമ മേഖലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം 70 മരണങ്ങള്‍ സംഭവിച്ചതായും മന്ത്രാലയം പറഞ്ഞു.

5 വയസ്സില്‍ താഴെയുള്ള 43,000-ത്തിലധികം കുട്ടികളും 55,000 ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.