ഗസാ സിറ്റി പിടിച്ചെടുക്കാനുള്ള കരസേനാ നീക്കം ഇസ്രായേല്‍ തുടരുന്നതിനിടെ, അവിടുത്തെ ഏറ്റവും വലിയ ആശുപത്രി കെട്ടിടത്തില്‍ തുടര്‍ച്ചയായി ബോംബിട്ട് സൈന്യം. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്ന്ു. ഭയവിഹ്വലരായ രോഗികളില്‍ പലരും ആശുപത്രിയില്‍ നിന്ന് പലായനം ചെയ്തു.
|
ഞായറാഴ്ച അല്‍-ഷിഫാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ‘ഭീകരമായ രംഗങ്ങള്‍’ വിവരിച്ചു. അടിയന്തിര പരിചരണം ആവശ്യമുള്ള നിരവധി പേര്‍ക്ക് പോലും പലായനം ചെയ്യേണ്ടിവന്നു. ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടറായ ഹസന്‍ അല്‍-ഷാഇര്‍ പറഞ്ഞത്, ‘കഠിനമായ സാഹചര്യങ്ങളും അതിരൂക്ഷമായ ഭയവും ഉണ്ടായിരുന്നിട്ടും’ ജീവനക്കാര്‍ ജോലി തുടരുകയാണ് എന്നാണ്.
അല്‍-ഷാഇറിന്റെ അഭിപ്രായത്തില്‍, കുറഞ്ഞത് 100 രോഗികള്‍ ‘അതീവ ദുഷ്‌കരമായ സാഹചര്യങ്ങളില്‍’ ചികിത്സ തേടുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കുറവുണ്ട്.
ALSO READ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍
പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ ഗവേഷകര്‍, ഇസ്രായേല്‍ ‘ഫയര്‍ ബെല്‍റ്റുകള്‍’ (തീപ്പൊരി ഉണ്ടാക്കുന്ന ആയുധങ്ങള്‍) ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഇത് ഒരു പ്രദേശത്തുടനീളം തീജ്വാലകള്‍ ഉയര്‍ത്തുന്ന ആയുധങ്ങളാണ്. സൈനിക യൂണിറ്റുകള്‍ ആശുപത്രിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങള്‍ വളഞ്ഞിരിക്കുകയാണ്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങളും സൈന്യം ആശുപത്രിക്ക് ചുറ്റും വിന്യസിച്ചു.
ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയിലെ മറ്റൊരു മെഡിക്കല്‍ സ്ഥാപനമായ അല്‍ ഹെലൂ ആശുപത്രിക്ക് നേരെയും ഷെല്ലാക്രമണം നടത്തി. ഇവിടെ കാന്‍സര്‍ വാര്‍ഡും, 12 നവജാത ശിശുക്കളെ പരിപാലിക്കുന്ന ഒരു നിയോനേറ്റല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്രായേല്‍ ടാങ്കുകള്‍ ആശുപത്രി വളഞ്ഞതിനാല്‍ അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ തടസ്സപ്പെട്ടു, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ 90-ല്‍ അധികം ആളുകള്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മെഡിക്കല്‍ ജീവനക്കാര്‍ പ്രാദേശിക വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
ഗസാ സിറ്റിയിലെ റെമാല്‍, സബ്ര അയല്‍പക്കങ്ങളിലും തുറമുഖ പ്രദേശത്തും ബെയ്റൂട്ട് സ്ട്രീറ്റിന്റെ ചില ഭാഗങ്ങളിലും ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം, ഇസ്രായേല്‍ സൈന്യം ഞായറാഴ്ച മക്ക ടവര്‍ എന്ന ഒരു ബഹുനില കെട്ടിടത്തിലും ബോംബിട്ടു.
ഇസ്രായേല്‍ സേന നഗരത്തില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ, ആയിരക്കണക്കിന് ആളുകള്‍ താമസിച്ചിരുന്ന മുഴുവന്‍ ബ്ലോക്കുകളും തകര്‍ത്തു, സമീപ ആഴ്ചകളില്‍ കുറഞ്ഞത് 50 ബഹുനില കെട്ടിടങ്ങളാണ് നശിപ്പിക്കപ്പെട്ടത്.


