01
Nov 2025
Wed
01 Nov 2025 Wed
tried to teach men how to love but it didn't work says writer K R Meera

എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്ന് കഥാകാരി കെ ആര്‍ മീര പറഞ്ഞു. സഹജീവിതത്തിന്റെ , സൗഹൃദത്തിന്റെ, പങ്കുവയ്ക്കലിന്റെ, അഹന്ത അഴിച്ചുവയ്ക്കലിന്റെ വിമോചനം എന്തെന്ന് പുരുഷന്മാര്‍ക്ക് അറിയില്ലെന്നും മീര പറയുന്നു. എങ്കിലും ശ്രമം തുടരുകയാണെന്നും അവര്‍ പറഞ്ഞു. 44ാമത് ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു മീര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബം പോലൊരു ഫാഷിസ്റ്റ് സംവിധാനം വേറെയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാത്തരം ആക്രമണങ്ങളും വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. മതവും സമൂഹവും നമ്മെ ആക്രമിക്കുന്നത് കുടുംബത്തിനകത്ത് നിന്നാണ്. ഫാഷിസം ഒരു വിരുന്നാണെങ്കില്‍ സ്ത്രീവിരുദ്ധതയാണ് അതിന്റെ തീയെന്നും പിതൃമേധാവിത്വമാണ് അതിന്റെ അടുപ്പെന്നും കെ ആര്‍ മീര പറഞ്ഞു. സമൂഹത്തില്‍ മാറ്റമുണ്ടാകണമെങ്കില്‍ വീട്ടില്‍ സമത്വമുണ്ടാകണമെന്നും മീര പറയുന്നു.

സ്ത്രീ ശാക്തീകരിക്കപ്പെടണമെങ്കില്‍ സ്ത്രീ തന്നെ വിചാരിക്കണം. എഴുത്തിനും ബോധവത്കരണ ക്ലാസുകള്‍ക്കും അത് ചെയ്യാനാവില്ല.സ്വയം ശാക്തീകരിക്കാന്‍ തയ്യാറാവുന്ന സ്ത്രീയെ ആര്‍ക്കും തടയാനാവില്ല. ഒരു സ്ത്രീ കാരണം വെളിപ്പെടുത്താതെ തന്നോട് തന്നെ മന്ദഹസിക്കുക എന്നതിന് അപ്പുറം മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന, അസ്വസ്ഥപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ല. സ്ത്രീക്ക് രഹസ്യങ്ങള്‍ക്ക് പാടില്ലെന്നാണ് സമൂഹം വിചാരിക്കുന്നത്.അവളുടേത് മാത്രമായി ഒരു പുഞ്ചിരി പോലും പാടില്ലെന്ന ശാഠ്യം സമൂഹത്തിനുണ്ട്.

ആണ്‍കോയ്മ അല്ലെങ്കില്‍ പിതൃമേധാവിത്വം നിലനില്‍ക്കുന്നത് പോലും സ്ത്രീയുടെ ചിരിയെ നിയന്ത്രിച്ചുകൊണ്ടാണ്. സ്ത്രീ മനസ് തുറന്ന് ചിരിക്കുന്നത് മറ്റ് സ്ത്രീകള്‍ക്ക് പോലും ഇഷ്ടമല്ല എന്നതാണ് യാഥാര്‍ഥ്യം. മറ്റുള്ളവരുടെ സന്തോഷം ഇഷ്ടപ്പെടുക എന്നത് മറ്റുള്ളവരെ വെറുക്കാതിരിക്കുക എന്നത് വലിയ സാമൂഹ്യ പുരോഗതിയുടെ ലക്ഷണമാണ്.അതിലേക്ക് നാം എത്തുന്നത് തടയുന്നവരെ സൂക്ഷിക്കണമെന്ന് മീര ആവശ്യപ്പെട്ടു.

താനൊരു സൈക്കോ എഴുത്തുകാരിയാണെന്നും ക്രൂരമായ കാര്യങ്ങളാണ് എഴുതിവയ്ക്കുന്നതെന്നും ജെന്‍ സി പിള്ളേര് വിധിപറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് മീര പറഞ്ഞു. ചില കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇങ്ങനെയൊക്കെ എഴുതിയിട്ട് പോലും ആണെഴുത്തുകാരുടെ കൂടെ പിടിച്ചുനില്‍ക്കാന്‍ വലിയ പ്രയാസമാണെന്നും മീര കൂട്ടിച്ചേര്‍ത്തു.

ALSO READ: നാട്ടുകാര്‍ക്കായി കൗണ്‍സലിങ് നടത്തുന്ന മാരിയോ ജോസഫ് ജീജി മാരിയോ ദമ്പതികള്‍ ഏറ്റുമുട്ടി; കൈയില്‍ കടിച്ചു, മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു