26
Feb 2026
Tue
26 Feb 2026 Tue
valayar attappallam mob lynching

Palakkad Attappallam mob lynching case പാലക്കാട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആര്‍എസ്എസ് നേതൃത്വത്തിലുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമാകും നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാം നാരായണ്‍ ഭാഗേലിനെ ബാംഗ്ലാദേശിയെന്ന് വിളിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികള്‍ക്ക് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ല കലക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അലംഭാവം മൂലമാണെന്നും ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ടും രാം നാരായണന്റെ സഹോദരന്‍ ശശികാന്ത് ആക്ഷന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ ഇന്നലെ രാവിലെ മുതല്‍ കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ ചര്‍ച്ചക്ക് വിളിച്ചത്.

ഹൈക്കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി പ്രതികള്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള മണ്ണാര്‍ക്കാട് എസ്സിഎസ്ടി സ്‌പെഷല്‍ കോടതി ഉത്തരവിന്റെ സര്‍ട്ടിഫൈഡ് കോപ്പി ലഭ്യമാക്കാന്‍ ഇന്നലെ അപേക്ഷ നല്‍കി. അതു ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളൂ.

ALSO READ: മാനസിക പ്രശ്‌നമുള്ള അഷ്‌റഫിനെ തല്ലിക്കൊന്നത് വെള്ളം കുടിച്ചതിന്റെ പേരില്‍; ഖബറടക്കല്‍ ചടങ്ങില്‍ രോഷവും സങ്കടവും അണപൊട്ടി

തുടര്‍ന്നാകും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. ഏതു വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭ്യമാകാന്‍ കാരണമായതെന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാനും നിയമോപദേശം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.

8 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

കേസിലെ 8 പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ ആറാം പ്രതി വിനോദ്കുമാര്‍ ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. അടുത്ത ദിവസം ഇതു പരിഗണിക്കും. അതിനു മുന്‍പ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാനാകും അന്വേഷണ സംഘത്തിന്റെ നീക്കം. അറസ്റ്റിലായ ശേഷം രണ്ടു തവണ പ്രതികളുടെ റിമാന്‍ഡ് നീട്ടിയിരുന്നു. ഈ സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചാണ് 8 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചതെന്നാണ് വിവരം.

ക്രൈം ബ്രാഞ്ചിനു വേണ്ടി ഓണ്‍ലൈനായി ഹാജരായ പാലക്കാട്ടെ പബ്ലിക് പ്രോസിക്യൂട്ടര്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ വാദം പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ആകെ 9 പേരാണ് അറസ്റ്റിലായിരുന്നത്. 20 പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലേക്ക് ഉള്‍പ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കേസ് അന്വേഷണം ഊര്‍ജിതമാക്കാനാണ് ക്രൈം ബ്രാഞ്ച് എസ്‌ഐടിയുടെ നീക്കം. 60-90 ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികള്‍ക്കെതിരെയും കുറ്റപ്പത്രം നല്‍കുമെന്നാണു അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.

പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല

രാം നാരായണന് വേണ്ടി ശബ്ദിക്കാനും പ്രതികള്‍ക്കെതിരെ വാദിക്കാനും മണ്ണാര്‍ക്കാട് കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ല എന്നതുതന്നെ സര്‍ക്കാറിന്റെ അലംഭാവം എത്രത്തോളമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് അവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊണ്ട് പൂര്‍ണ്ണ നീതി നടപ്പിലാകും വരെ സമര രംഗത്തുണ്ടാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ ശിവരാമന്‍, കണ്‍വീനര്‍ അഡ്വ. കെ എസ് നിസാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം സുലൈമാന്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗം വിളയോടി ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ അബ്ദുല്‍ ജബ്ബാര്‍, ഗഫൂര്‍ വാടാനപ്പള്ളി, സജീവന്‍ കള്ളിച്ചിത്ര, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സാബിര്‍ പുലാപ്പറ്റ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

എസ്സി- എസ്ടി ആട്രോസിറ്റീസ്, മോബ് ലിഞ്ചിങ് കേസുകളില്‍ ഇരകളുടെ ഭാഗം കേള്‍ക്കണമെന്ന നിയമം മറികടന്നാണു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നു കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളോട് സര്‍ക്കാര്‍ അനുകൂല നിലപാടാണു സ്വീകരിക്കുന്നതെന്നും ജാമ്യം നല്‍കിയതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് പാലക്കാട് വാളയാറിനടുത്ത് അട്ടപ്പള്ളത്തുവെച്ചാണ് രാം നാരായണ്‍ ബാഗേല്‍ ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ കേസ് സാധാരണ രീതിയില്‍ കൈകാര്യം ചെയ്ത പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ (ടകഠ) നിയോഗിച്ചത്. നിലവില്‍ ഭാരതീയ ന്യായ സംഹിതയിലെ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വകുപ്പുകളും എസ്സി/എസ്ടി വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ വേദന

രാം നാരായണിന്റെ സഹോദരന്‍ ശശികാന്ത് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തന്റെ സഹോദരനെ ഒരു കാരണവുമില്ലാതെ ക്രൂരകൃത്യത്തിലേക്ക് വലിച്ചിഴച്ചെന്നും ‘ബംഗ്ലാദേശി മുസ്ലിം’ എന്ന് മുദ്രകുത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ പോകാനുള്ള തീരുമാനത്തില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമപരമായ തര്‍ക്കങ്ങള്‍

കൊല്ലപ്പെട്ട വ്യക്തിയുടെ ജാതി അക്രമികള്‍ക്ക് അറിയില്ലായിരുന്നു എന്ന വാദമുയര്‍ത്തിയാണ് എസ്സി/എസ്ടി വകുപ്പുകള്‍ ഒഴിവാക്കി ജാമ്യം നല്‍കിയത്. എന്നാല്‍ ദൃക്‌സാക്ഷി മൊഴികളും വീഡിയോ ദൃശ്യങ്ങളും ഉള്ളപ്പോള്‍ ഇത്തരത്തില്‍ ജാമ്യം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് ‘മറുവാക്ക്’ മാസിക എഡിറ്റര്‍ അംബിക ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ‘തഹ്‌സീന്‍ എസ്. പൂനാവാല’ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ തുടക്കത്തില്‍ വിമുഖത കാട്ടിയെന്നും വിമര്‍ശനമുണ്ട്.