12
Mar 2026
Thu
12 Mar 2026 Thu
stryker

ലോകത്തെ പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ സ്‌ട്രൈക്കറിന് (Stryker) നേരെ അതിശക്തമായ സൈബര്‍ ആക്രമണം. ഇറാന്‍ ബന്ധമുള്ള ‘ഹന്ദല’ (Handala) എന്ന ഹാക്കിംഗ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൈബര്‍ യുദ്ധമുറയിലെ ‘പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്ന്’ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനിലെ മിനാബ് നഗരത്തിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 170-ലധികം പേര്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാണിതെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. യുഎസ്-ഇസ്രായേല്‍ സൈനിക നടപടിയുടെ ആദ്യ ദിനത്തിലുണ്ടായ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും പെണ്‍കുട്ടികളായിരുന്നു. മിനാബിലെ സ്‌കൂളിനെ ലക്ഷ്യമിട്ടത് ബോധപൂര്‍വമാണെന്ന് അല്‍ ജസീറയുടെ ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ആറ് യുഎസ് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാറ്റാ ചോര്‍ച്ച

സ്‌ട്രൈക്കര്‍ കമ്പനിയുടെ 50 ടെറാബൈറ്റ് (TB) ഡാറ്റ തങ്ങള്‍ കൈക്കലാക്കിയെന്നും ഇത് ഇപ്പോള്‍ ‘ലോകത്തെ സ്വതന്ത്രരായ ജനങ്ങളുടെ കൈകളിലാണെന്നും’ ഹന്ദല അവകാശപ്പെട്ടു.

ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്‌ട്രൈക്കറിന്റെ ആഗോള നെറ്റ്വര്‍ക്കുകള്‍ തകരാറിലായത്. മൈക്രോസോഫ്റ്റ് അധിഷ്ഠിത സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമായി.

കമ്പനിയുടെ പ്രതികരണം

തങ്ങളുടെ മൈക്രോസോഫ്റ്റ് എന്‍വയോണ്‍മെന്റില്‍ സൈബര്‍ ആക്രമണം മൂലം ആഗോളതലത്തില്‍ തടസ്സങ്ങള്‍ നേരിടുന്നതായി സ്‌ട്രൈക്കര്‍ സ്ഥിരീകരിച്ചു. എന്നാല്‍ റാന്‍സംവെയര്‍ അല്ലെങ്കില്‍ മാല്‍വെയര്‍ സാന്നിധ്യത്തിന് തെളിവില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ ലോഗിന്‍ പേജുകളില്‍ ഹന്ദലയുടെ ലോഗോ പ്രത്യക്ഷപ്പെട്ടതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. മിഷിഗണിലെ കമ്പനി ആസ്ഥാനത്തെ ഫോണ്‍ കോളുകള്‍ക്ക് ‘ബില്‍ഡിംഗ് എമര്‍ജന്‍സി’ എന്ന റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് ലഭിക്കുന്നത്.

സാമ്പത്തിക ആഘാതവും ഭീഷണിയും

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ മുതല്‍ റോബോട്ടിക് സര്‍ജറി സംവിധാനങ്ങള്‍ വരെ നിര്‍മ്മിക്കുന്ന സ്‌ട്രൈക്കര്‍, 2025-ല്‍ 25 ബില്യണ്‍ ഡോളറിലധികം വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 150 ദശലക്ഷം രോഗികളാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്.

അതേസമയം, പേയ്‌മെന്റ് കമ്പനിയായ വെരിഫോണിന് (Verifone) നേരെയും ആക്രമണം നടത്തിയതായി ഹന്ദല അവകാശപ്പെട്ടെങ്കിലും കമ്പനി ഇത് നിഷേധിച്ചു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ യുഎസ് ടെക് കമ്പനികളെ ഇറാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ സാമ്പത്തിക കേന്ദ്രങ്ങളും ബാങ്കുകളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് (IRGC) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഹോര്‍മുസ് കടലിടുക്കിന് പുറമെ മറ്റ് പ്രധാന ജലപാതകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാമെന്നും ഇറാനിയന്‍ സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.