ലണ്ടന്‍: വീടിനുള്ളില്‍ ആരോ ഉള്ളതു പോലെ തോന്നുന്നുവെന്നും രാത്രിയില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും പറഞ്ഞ യുവതിയെ ഡോക്ടര്‍മാരും പൊലീസും ചേര്‍ന്ന് മാനസികരോഗിയായി മുദ്രകുത്തി. അവര്‍ക്ക് കടുത്ത ‘ആന്റി സൈക്കോട്ടിക്’ മരുന്നുകള്‍ നല്‍കി ചികിത്സിക്കാനും തുടങ്ങി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. സ്ത്രീ പറഞ്ഞത് നൂറു ശതമാനം സത്യമായിരുന്നു. അവരുടെ വീട്ടില്‍ മറ്റൊരാള്‍ നാളുകളായി ഒരാള്‍ രഹസ്യമായി താമസിക്കുകയായിരുന്നു. യുകെയിലാണ് സംഭവം.
|
കന്റിലെ ഗ്രേവ്‌സെന്‍ഡില്‍ നിന്നുള്ള 31-കാരിയായ ക്ലോയി എന്ന യുവതിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ ഭീതിജനകമായ അനുഭവം പങ്കുവെച്ചത്. ക്ലോയിക്ക് 20 വയസായിരിക്കുമ്പോള്‍ മുകളിലത്തെ നിലയിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുമ്പോള്‍ അസാധാരണമായ എന്തോ എന്ന് ശ്രദ്ധയില്‍ പെട്ടു. താന്‍ താമസിച്ചിരുന്ന മുകളില്‍ നിലയിലെ ഫ്‌ളാറ്റിന്റെ ടെറസിലേക്കുള്ള വാതില്‍ ഒരു ദിവസം തുറന്നുകിടക്കുന്നത് ക്ലോയിയുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യമത് അത്ര കാര്യമാക്കിയില്ലെങ്കിലും അന്ന് രാത്രി മുതല്‍ അവര്‍ക്ക് വലിയ ഭയം അനുഭവപ്പെടാന്‍ തുടങ്ങി.
‘അവിടെ ആരോ ഉണ്ട്, അയാള്‍ തന്നെ നോക്കുന്നുണ്ട്’ എന്നായിരുന്നു അന്ന് രാത്രി ക്ലോയിക്ക് തോന്നിയത്. ഭയന്നുവിറച്ച ക്ലോയി താഴത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സുഹൃത്തിനെ വിളിച്ച് മുകളില്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല. രാത്രി കിടന്നുറങ്ങുമ്പോള്‍ മുകളില്‍ നിന്നും ഒരാളുടെ കാലടി ശബ്ദം കേട്ടതായി ക്ലോയി പറയുന്നു. സുഹൃത്തുക്കളെയും അയല്‍ക്കാരെയും പലതവണ ബന്ധപ്പെട്ടിട്ടും ആരും ഇത് ഗൗരവമായി എടുത്തില്ലെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് അവര്‍ പൊലീസിനെയും ഡോക്ടര്‍മാരെയും വിവരമറിയിച്ചെങ്കിലും ഇത് വെറും വിഭ്രാന്തിയാണെന്നും മാനസിക പ്രശ്‌നമാണെന്നും പറഞ്ഞ് അധികൃതര്‍ തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് കടുത്ത ആന്റി സൈക്കോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടി വരികയും ചെയ്തു.ഏകദേശം രണ്ട് മാസം ക്ലോയി മരുന്ന് കഴിച്ചു. ഒരു രാത്രിയില്‍ ആ അപരിചിതന്‍ ടെറസിലെ വാതില്‍ തുറന്ന് തന്നെ തുറിച്ചുനോക്കിയെന്നും ക്ലോയി വെളിപ്പെടുത്തി.
ഭയന്നുവിറച്ച അവര്‍ ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് ഓടിയിറങ്ങി തന്റെ സുഹൃത്തിന്റെ സഹായം തേടി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തട്ടിന്‍പുറം വിശദമായി പരിശോധിച്ചു. തട്ടിന്‍പുറത്ത് പരിശോധന നടത്തിയ പൊലീസുകാരും സുഹൃത്തുക്കളും ഒരുപോലെ ഞെട്ടി! ക്ലോയി പറഞ്ഞത് പൂര്‍ണമായും സത്യമായിരുന്നു. അവിടെ ഒരു അപരിചിതന്‍ കുറേ ദിവസങ്ങളായി ഒളിച്ചു താമസിക്കുന്നുണ്ടായിരുന്നു. ധാരാളം ബാഗുകളും ബാക്ക്പാക്കുകളുമായി ആ മനുഷ്യന്‍ താഴേക്ക് ഇറങ്ങിവന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് തങ്ങളുടെ ഭാഗത്ത് തെറ്റുപറ്റിയെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലായത്.



