US-Iran mediation ഇറാന്‍-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. യുദ്ധം ഏത് വിധേനയും അവസാനിപ്പിച്ച് തലയൂരാനുള്ള ശ്രമത്തിലാണ് അമേരിക്ക. 15 ഇന സമാധാന പദ്ധതി മുന്നോട്ടുവച്ച് യുദ്ധം അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ ഇറാന്‍ അഞ്ച് നിബന്ധനകള്‍ മുന്നോട്ട് വച്ചു. പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
|
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
1. ശത്രുരാജ്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും (Assassinations) പൂര്‍ണ്ണമായും അവസാനിപ്പിക്കുക.
2. ഭാവിയില്‍ ഇറാനെതിരെ വീണ്ടും യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള കൃത്യമായ സംവിധാനം ഒരുക്കുക.
3. യുദ്ധത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് വ്യക്തമായ നഷ്ടപരിഹാരം നല്‍കുക.
4. മേഖലയിലെ എല്ലാ പ്രതിരോധ ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
5. ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കുക.
ALSO READ: പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്; മഞ്ചേശ്വരത്ത് ആകാംക്ഷ
അമേരിക്കയുടെ 15 ഇന പദ്ധതി:
അല്‍ ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയുടെ പ്ലാനിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്:
- ഒരു മാസത്തെ വെടിനിര്‍ത്തല്‍: ചര്‍ച്ചകള്‍ക്കായി 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍.
- ആണവ നിയന്ത്രണം: നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുക.
- സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് (IAEA) കൈമാറുക.
- മിസൈല്‍ നിയന്ത്രണം: ഇറാന്റെ മിസൈലുകളുടെ എണ്ണത്തിലും ദൂരപരിധിയിലും നിയന്ത്രണം ഏര്‍പ്പെടുത്തുക.
- ഹോര്‍മുസ് കടലിടുക്ക്: കടലിടുക്ക് ഗതാഗതത്തിനായി പൂര്‍ണ്ണമായും തുറന്നുനല്‍കുക.
- ഉപരോധം നീക്കല്‍: ഇറാനുമേലുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യുക.
ഖാര്‍ഗ് ദ്വീപ്: യുഎഇക്ക് മുന്നറിയിപ്പ്
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് (Kharg Island) പിടിച്ചെടുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി ഇറാന്‍ സംശയിക്കുന്നു. ഇതിന് ഏതെങ്കിലും പ്രാദേശിക രാജ്യം സഹായിച്ചാല്‍ ആ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി. ഇത് യുഎഇയെ ഉദ്ദേശിച്ചാണെന്നാണ് സൂചന.
ഖാര്‍ഗ് ദ്വീപില്‍ യുഎസ് സൈന്യം ഇറങ്ങിയാല്‍ അത് അവര്‍ക്ക് വലിയ നാശമുണ്ടാക്കുമെന്നും ബാബ് അല്‍-മന്ദബ് കടലിടുക്കില്‍ ഹൂതി വിമതരുടെ സഹായത്തോടെ പുതിയ യുദ്ധമുഖം തുറക്കുമെന്നും ഇറാന്‍ ഭീഷണിപ്പെടുത്തി.
‘ഇറാന്‍ തോല്‍വി സമ്മതിക്കണം’: വൈറ്റ് ഹൗസ്
സമാധാന ചര്‍ച്ചകളെക്കുറിച്ച് ട്രംപ് സംസാരിക്കുമ്പോഴും ഇറാന് കടുത്ത മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് രംഗത്തെത്തി.
‘ഇറാന്‍ തങ്ങളുടെ സൈനിക പരാജയം അംഗീകരിക്കണം. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ട്രംപ് നല്‍കും. അദ്ദേഹം വെറുതെ ഭീഷണിപ്പെടുത്തുന്ന ആളല്ല, നരകം തന്നെ തുറന്നുവിടാന്‍ അദ്ദേഹം തയ്യാറാണ്,’ ലീവിറ്റ് പറഞ്ഞു.
നിലവില്‍ 3,000 യുഎസ് സൈനികര്‍ കൂടി മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചു കഴിഞ്ഞു. സമാധാനത്തിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും ഇരുപക്ഷവും കൂടുതല്‍ ശക്തമായ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്.




