ബെയ്‌റൂട്ട്: ലബനനിലെ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേലിന്റെ സാന്നിധ്യം തടയാന്‍ 1980-കളിലെ ചാവേര്‍ ആക്രമണ രീതികളിലേക്ക് തിരിച്ചുപോകുമെന്ന് ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ സൈനിക നേതാക്കളിലൊരാള്‍ അല്‍ ജസീറ അറബിക്കിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
|
തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ താവളങ്ങള്‍ ഉറപ്പിക്കുന്നത് തടയാന്‍ ‘സൂയിസൈഡ് സ്‌ക്വാഡുകളെ’ സജ്ജമാക്കിയതായും അദ്ദേഹം അറിയിച്ചു.
‘മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ പ്രകാരം ചാവേര്‍ ബോംബര്‍മാരുടെ വലിയ സംഘങ്ങളെ അധിനിവേശ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈനികരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ലബനനിലെ ഗ്രാമങ്ങളില്‍ വച്ച് നേരിട്ട് ഏറ്റുമുട്ടുക എന്നതാണ് ഇവരുടെ ദൗത്യം,’ ഹിസ്ബുള്ള ഉറവിടം വ്യക്തമാക്കി.
അനിശ്ചിതത്വത്തിലായി വെടിനിര്‍ത്തല്‍
ഇസ്രായേലും ലബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതി പടരുകയാണ്.
ഹിസ്ബുള്ള തലവന്‍ നയിം ഖാസിം ഇസ്രായേലുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ വീണ്ടും തള്ളിക്കളഞ്ഞു. ചര്‍ച്ചകള്‍ ‘ശത്രുവിന്’ മാത്രമേ ഗുണം ചെയ്യുകയുള്ളൂവെന്നും ലബനന്‍ ദേശീയ ഐക്യത്തിലേക്ക് മടങ്ങണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നത് ലബനനില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





