ഹമാസിന്റെ പുതിയ സായുധവിഭാഗം മേധാവി മുഹമ്മദ് ഔദയെ വധിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുന്‍ മേധാവി ഇസ്സുദ്ദീന്‍ അല്‍ ഹദ്ദാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഔദ ചുമതലയേറ്റതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
|
ഹമാസ് കമാന്‍ഡറുടെ മരണം ഇസ്രായേല്‍ പ്രതിരോധ സേനയും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും ബുധനാഴ്ച രാവിലെ സ്ഥിരീകരിച്ചു. ഔദയുടെയും സഹായികളുടെയും നീക്കങ്ങള്‍ മാസങ്ങളോളം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചതിന് ശേഷമാണ്, ഗാസ സിറ്റിയില്‍ ഒളിച്ചുകഴിയാന്‍ ഉപയോഗിച്ചിരുന്ന നിരവധി കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ പങ്കാളിയായ മറ്റൊരു ഹമാസ് പ്രവര്‍ത്തകന്റെ സമീപത്തുള്ള അപ്പാര്‍ട്ട്മെന്റും ഇതോടൊപ്പം ആക്രമിക്കപ്പെട്ടു.
ഒക്ടോബര്‍ 7-ലെ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും ഔദ കേന്ദ്രപങ്ക് വഹിച്ചിരുന്നതായും, യുദ്ധത്തിലുടനീളം സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് ഇയാളാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി.
ഒക്ടോബര്‍ 7ന്റെ ആസൂത്രകന്‍
ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസിന്റെ അവശേഷിക്കുന്ന അവസാനത്തെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരില്‍ ഒരാളാണ് ഔദയെന്നും, ഇയാളുടെ വധം സംഘടനയെ പുനര്‍നിര്‍മ്മിക്കാനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റ വലിയൊരു തിരിച്ചടിയാണെന്നും സുരക്ഷാ ഏജന്‍സികള്‍ വിശേഷിപ്പിച്ചു. ഔദയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായിരുന്നു ഔദയെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. അന്ന് ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഔദയെ വധിച്ചതെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. അതേസമയം ഇസ്രായേല്‍ അവകാശവാദം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹമാസിന്റെ രഹസ്യാന്വേഷണ ബുദ്ധികേന്ദ്രം
2026 മേയ് 15ന് ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ സായുധസംഘം തലവന്‍ ഇസ്സുദ്ദീന്‍ അല്‍ ഹദ്ദാദും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, ആ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ഔദ. അദ്ദേഹം പുതിയ മേധാവിയായി സ്ഥാനമേറ്റെന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
1974 ല്‍ വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ഥി ക്യാംപിലാണ് മുഹമ്മദ് ഔദ ജനിച്ചത്. 1987 ലെ ഒന്നാം ഇന്‍തിഫാദ കാലത്താണ് ഔദ ഹമാസിന്റെ പ്രവര്‍ത്തകനായത്. ആദ്യം ആഭ്യന്തര സുരക്ഷാ വിഭാഗമായ മജ്ദ് യൂണിറ്റിലെ അംഗമായി. 2000 ലെ രണ്ടാം ഇന്‍തിഫാദ സമയത്ത് ഖസാം ബ്രിഗേഡില്‍ ചേര്‍ന്നു. ഇസ്രയേസിന്റെ സൈനിക നീക്കങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും സമര്‍ഥനായിരുന്നു. ഹമാസിന്റെ രഹസ്യാന്വേഷണ സംഘത്തിന്റെ തലവനായ ശേഷം ഇസ്രയേലിനെതിരായ സായുധനീക്കങ്ങളില്‍ അടക്കം നിര്‍ണായക പങ്കു വഹിച്ചു. 2017 മുതല്‍ 2019 വരെ നോര്‍ത്തേണ്‍ ബ്രിഡേഗിന്റെ കമാന്‍ഡറുമായി.
ഇസ്രയേലിന്റെ ആക്രമണത്തില്‍ ഹമാസിന്റെ പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതോടെ സൈനിക നീക്കങ്ങളും ആയുധ ശേഖരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഔദയുടെ മേല്‍നോട്ടത്തിലായിരുന്നു.
Israel says Hamas military chief Mohammed Odeh killed in Gaza strike


