22
Feb 2023
Mon
22 Feb 2023 Mon

അങ്കാറ: വീണ്ടും തുടർച്ചയായ ഭൂചലനമുണ്ടായതോടെ വിറങ്ങലിച്ച് തുർക്കി- സിറിയൻ അതിർത്തി പ്രദേശങ്ങൾ. ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 2,300 കടന്നു. തുർക്കിയിൽ മാത്രം 1,498 പേർ മരിച്ചു. സിറിയയിൽ 810 പേർ മരിച്ചു. ഇരു രാജ്യങ്ങളിലുമായി 2,308 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനമുണ്ടായി.

ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. 6.0 ആണ് റിക്ടർ സ്‌കെയിലിൽ തീവ്രത രേഖപ്പെടുത്തിയത്. തുർക്കിയിലെ നുർദാഗി നഗരത്തിലെ ഗാസിയൻടെപിലാണ് ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം. തെക്ക് കിഴക്കൻ തുർക്കിയിലെ കഹ്രമാൻമറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുർക്കിയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂചലനമുണ്ടായത്.

തുർക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തൽ. തെക്ക്കിഴക്കൻ തുർക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 2,818 കെട്ടിടങ്ങൾ നിലംപൊത്തി. 1939ലെ 2,818 കെട്ടിടങ്ങൾ തകർന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് തയ്യീപ് എർദോഗൻ പറഞ്ഞു. സിറിയിൽ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയൻ ദേശീയ ഭൂചലന നിരീക്ഷണ ഏജൻസി പറഞ്ഞു.

ഇരു രാജ്യങ്ങൾക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുർക്കിയിലേക്ക് എൻഡിആർഎഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടർമാരും ഡോഗ്‌സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാൻ തീരുമാനമെടുത്തത്.

തുർക്കിയിലെയും സിറിയയിലേയും ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു. ദുരന്തം മറികടക്കാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എമർജൻസി മെഡിക്കൽ ടീം നെറ്റ്വർക്കുകൾ പ്രവർത്തന നിരതമാണെന്നും ദുരന്തത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോർഡിനേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചതായും എമർജൻസി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങൾ ആരംഭിച്ചതായും യൂറോപ്യൻ യൂണിയൻ അറിയിച്ചു.

തുർക്കിയിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ സന്നദ്ധമാണെന്ന് യുക്രൈൻ അറിയിച്ചു. നൂറു രക്ഷാ പ്രവർത്തകരുമായി തങ്ങളുടെ ഐഎൽ 76 എയർക്രാഫ്റ്റ് ഉടൻ സിറിയയിൽ എത്തുമെന്ന് റഷ്യ അറിയിച്ചു. തുർക്കിയിലേക്കും ആവശ്യമെങ്കിൽ രക്ഷാ പ്രവർത്തകരെ വിടാൻ സന്നദ്ധമാണെന്നും റഷ്യ അറിയിച്ചു.