ന്യൂയോർക്ക്: ബി.ജെ.പിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുപ്പമുള്ള ശതകോടീശ്വരൻ ഗൗതം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് യു.എസ് ആസ്ഥാനമായ സാമ്പത്തികഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തികക്രമക്കേടുകൾ സംബന്ധിച്ച് ആഴത്തിൽ വിശദമാക്കുന്ന ആ റിപ്പോർട്ട് ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. അതിന്റെ പേരിൽ അദാനിയുടെ ഓഹരിയിൽ വൻ ഇടിവുണ്ടായി. ലോകകോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന അദാനി ഈ റിപ്പോർട്ടോടെ 15 ാം സ്ഥാനത്ത് വരെ എത്തി. രാഷ്ട്രീയത്തിലും വലിയ അലയൊലി ഉണ്ടായി. അതിന്റെ പേരിൽ ഇപ്പോഴും പാർലമെന്റ് സ്തംഭിച്ചുവരികയാണ്. വിഷയം സുപ്രിംകോടതിയലും എത്തി. എന്നാൽ ഇതിനിടെ ഒരു റിപ്പോർട്ട് കൂടി പ്രതീക്ഷിക്കൂ എന്ന് അറിയിച്ചിരിക്കുകയാണ് ഹിൻഡൻബർഗ്.
|
ട്വിറ്ററിലൂടെയായിരുന്നു ഹിൻഡൻബർഗിന്റെ പ്രഖ്യാപനം. എന്നാൽ പുതിയ റിപ്പോർട്ട് എപ്പോൾ പുറത്തുവിടുമെന്നോ ഏത് സ്ഥാപനത്തെക്കുറിച്ച് ആണെന്നോ ഹിൻഡൻബർഗ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. മറ്റൊരു റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നായിരിക്കുമെന്നും ട്വിറ്ററിൽ ഹിൻഡൻബർഗ് റിസർച്ച് സൂചിപ്പിച്ചു. ‘പുതിയ റിപ്പോർട്ട് ഉടൻ-മറ്റൊരു വലിയ റിപ്പോർട്ട്,’ ഹിൻഡൻബർഗ് റിസർച്ച് ട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കുളളിലാണ് ട്വീറ്റ് വൈറലായത്.
2017 -ലാണ് ഹിൻഡൻബർഗ് കമ്പനി സ്ഥാപിതമായത്.





