കോഴിക്കോട്: സീസൺ മുന്നിൽക്കണ്ട് യാത്രാനിരക്ക് നാലിരട്ടി വരെ വർധിപ്പിച്ച് വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള. വേനലവധിയും റംസാൻ, അത് കഴിഞ്ഞ് പെരുന്നാൾ, ഒപ്പം വിഷു എന്നിങ്ങനെയുള്ള സീസൺ കണക്കിലെടുത്താണ് വിമാനകമ്പനികൾ മലയാളി യാത്രക്കാരെ കൊള്ളയടിക്കുന്നത്. യാത്രാനിരക്ക് നാലിരട്ടിയോളമാണ് കൂട്ടിയത്. കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാനനിരക്കിലാണ് വർധന. നിരക്ക് വർധനവ് ഇന്നലെ നിലവിൽവന്നു.
|
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യയാണ് ഇന്നലെ വർധിപ്പിച്ചതെങ്കിലും മറ്റു വിമാനക്കമ്പനികളും ഇതുപിന്തുടരുന്നതാണ് പതിവ്.
ഖത്തറിലേക്കാണ് ഏറ്റവും വലിയ വർധന, 10,000 മുതൽ 15,000 വരെയുണ്ടായിരുന്ന യാത്രാനിരക്ക് ഇപ്പോൾ 38,000 മുതൽ 40,000 വരെ ആക്കി. നെടുമ്പാശേരിയിൽനിന്ന് ദുബായിലേക്ക് 9000 മുതൽ 12,000 രൂപവരെയായിരുന്നത് 30,000 രൂപയാക്കി. കരിപ്പൂരിൽനിന്ന് ദുബായിലേക്ക് 31,000 രൂപയും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ദുബായിലേക്ക് 30,500 രൂപയുമാണ്. കുവൈത്തിലേക്കുമാത്രമാണ് മാറ്റമില്ലാത്തത്. നേരത്തെയുള്ള 25,000 നിലനിർത്തി. സൗദി മേഖലയിലും വർധനയുണ്ട്. 15,000 മുതൽ 19,000 രൂപവരെയായിരുന്നത് 20,000 മുതൽ 23,000 രൂപവരെയാക്കി.
വിമാന ഇന്ധനത്തിന്റെ വില ഈയിടെ കുറച്ചിരുന്നു, എന്നിട്ടും യാത്രാക്കൂലി കുറയ്ക്കാൻ തയ്യാറാകാതിരുന്ന വിമാനക്കമ്പനികളാണ് സീസൺ മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്നത്. ജെറ്റ് ഇന്ധനത്തിന്റെ വിലയിൽ മാർച്ച് ഒന്നിന് നാലായിരത്തോളം രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് കഴിഞ്ഞവർഷം നാലുതവണയായി വിമാന ഇന്ധന വില കുറഞ്ഞു. അതിന്റെയൊന്നും ആനുകൂല്യം യാത്രക്കാർക്ക് നൽകിയിരുന്നില്ല.
ചെറിയ പെരുന്നാളും വിഷുവും ആഘോഷിക്കാൻ വരുന്നവർക്കും ഗൾഫിൽ കുടുംബത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്കും വർധന വലിയ പ്രയാസമുണ്ടാക്കും. മലബാർ മേഖയിൽനിന്ന് ലക്ഷക്കണക്കിന് പേരാണ് ഗൾഫ് മേഖലയിലേക്ക് ഇത്തരത്തിൽ യാത്രചെയ്യുന്നത്.
ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ വെട്ടിക്കുറച്ചതോടെ സീറ്റുകൾ കുറയുന്നതും ടിക്കറ്റ് നിരക്ക് കൂട്ടാൻ കാരണമായിട്ടുണ്ട്. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് മുന്നിൽക്കണ്ട് ഏപ്രിലിൽ നിരക്ക് ഇനിയും ഉയർത്തിയേക്കാനുമിടയുണ്ട്.





