ന്യൂഡല്‍ഹി: തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും ബംഗളൂരു സ്‌ഫോടനക്കേസിലെ മുപ്പത്തിയൊന്നാമത്തെ പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. വ്യക്ക തകരാറിലായതിനാല്‍ അത് മാറ്റിവെയ്ക്കാന്‍ ചികിത്സ തേടണമെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും അദ്ദേഹം സുപപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
|
വിചാരണ ദിവസും നടക്കുന്നുവെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണ്. മാസത്തില്‍ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തേ ജാമ്യത്തില്‍ ഇറങ്ങിയപ്പോളും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മഅ്ദനി വ്യക്തമാക്കി. ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ എതിര്‍ത്താണ് മഅ്ദനി ഇക്കാര്യം പറഞ്ഞത്. കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഘണിക്കും.
ബംഗളൂരു നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെ 2014ലാണ് കേസില്‍ മഅ്ദനിക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ കേസ് ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും ചികിത്സയ്ക്കായി കേരളത്തില്‍ പോകണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹരജി നല്‍കിയത്. 2014ല്‍ ജാമ്യം നല്‍കുമ്പോള്‍ നാലുമാസം കൊണ്ട് വിചാരണപൂര്‍ത്തിയാക്കണമെന്ന് കോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു.





