01
Apr 2023
Tue
01 Apr 2023 Tue

മുംബൈ: പാര്‍ട്ടി പിളര്‍ത്തി ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹം നിഷേധിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. താനിപ്പോഴും എന്‍സിപിയിലുണ്ട്. എന്‍സിപിയില്‍ അടിയുറച്ച് നില്‍ക്കും. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും അജിത് പവാര്‍ പറഞ്ഞു. ഒരിടത്തേക്കും താന്‍ ചാടാനില്ല. ഒരു എന്‍സിപി എംഎല്‍എയുടേയും ഒപ്പും താന്‍ ശേഖരിച്ച് കൈവശം വെച്ചിട്ടില്ല. എന്‍സിപിയില്‍ ഭിന്നതയുണ്ടാക്കാനുള്ള നീക്കം വിലപ്പോകില്ല. താന്‍ എന്‍സിപി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പച്ചക്കള്ളമാണ്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സഖ്യം ഒറ്റക്കെട്ടാണെന്നും അജിത് പവാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ ഭാഗമായി തുടരും. എന്‍സിപിയുമായുള്ള ബന്ധം തകര്‍ത്ത് ബിജെപിയുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തയില്‍ സത്യത്തിന്റെ ഒരു കണിക പോലും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം ചേരുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനോട് പ്രതികരിക്കുകയായിരുന്നു അജിത് പവാര്‍. ചേരിമാറ്റത്തിന് മുന്നോടിയായി അജിത് പവാര്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹിക മാധ്യമങ്ങളില്‍ നിന്നും എന്‍സിപിയുടെ പേരും മറ്റും ഒഴിവാക്കിയതായും പ്രചാരണം ഉണ്ടായിരുന്നു. അതിനിടെ, അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളി. ആരും എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ല. മാധ്യമങ്ങളില്‍ മാത്രമാണ് ഇത്തരമൊരു പിളര്‍പ്പ് അഭ്യൂഹങ്ങള്‍ ഉള്ളത്. അജിത് പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു.