|
സൻആ: യമന്റെ തലസ്ഥാനമായ സൻആയിൽ ജനങ്ങൾക്ക് സഹായം നൽകുന്ന ചാരിറ്റി കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 മരണം. 300-ലധികം പേർക്ക് പരിക്കേറ്റു. പെരുന്നാളിന് മുന്നോടിയായി വ്യാപാരികളുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് സഹായം നൽകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചതായാണ് വിവരം. അപകടത്തിൽ പരിഭ്രാന്തരായ ജനങ്ങൾ ഓടിയതും ദുരന്തത്തിന് കാരണമായി.
5000 യെമനി റിയാലിന്റെ (1600 ഇന്ത്യൻ രൂപ) സഹായം കൈപ്പറ്റാനാനാണ് ഇവരെത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ മരിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സ്‌കൂളിലാണ് സഹായ വിതരണം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തിക്കിലും തിരക്കിലും നിന്നും രക്ഷപ്പെടാൻ ആളുകളുടെ മുകളിലൂടെ പോകാൻ നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ സക്കാത്ത് വിതരണ പരിപാടി നടത്തിയവരെ കസ്റ്റഡിയിലെടുത്തു.
അധിനിവേശവും ആഭ്യന്തരയുദ്ധവും തകർത്ത രാജ്യം കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോകുന്നത്.


