‘പാര്‍ട്ടിയില്‍ ഉയരണോ? വേണ്ടവിധത്തില്‍ കാണണം, ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം’..: ആലപ്പുഴയിലെ CPMനെ പിടിച്ചുകുലുക്കി വീണ്ടും ലൈംഗിക വിവാദം
|
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മിനെ പിടിച്ചുകുലുക്കി വീണ്ടും ലൈംഗിക വിവാദം. ഏരിയാ കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയാണ് രംഗത്തുവന്നത്. പദവി വാഗ്ദാനം ചെയ്ത് മോശമായി പെരുമാറിയെന്നാണ് വനിതാ അംഗത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാതിരുന്ന നേതൃത്വം ഭീഷണിപ്പെടുത്തിയതായും വനിതാ അംഗം പറയുന്നു.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നേതാവിനെതിരെയാണ് ആരോപണം. പരാതിക്കാരി ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി’ എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു.
ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. അതേസമയം പരാതി പൊലീസിന് കൈമാറിയിട്ടില്ല.
പാര്‍ട്ടിയംഗങ്ങള്‍ ഉള്‍പ്പടെ മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണില്‍ സൂക്ഷിച്ചെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടുത്തിടെ ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുകുലുക്കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് മുന്‍ ഏരിയ കമ്മിറ്റിയംഗം എ.പി സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ പരാതിയെത്തിയിരിക്കുന്നത്.





