മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കവിയുമായ ഇസ്മായില്‍ മേലടിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ. അറബി അടക്കം ആറ് ഭാഷകളില്‍ കവിത പ്രസിദ്ധീകരിക്കുകയും അറബി കവിതകള്‍ തര്‍ജമ ചെയ്ത് ഇന്ത്യന്‍ സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്താണ് യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ ഇസ്മായില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസില്‍ നിന്ന് അറബി ഭാഷയില്‍ എംഎ, എംഫില്‍, ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം എന്നിവ നേടി.
|
1987 മുതല്‍ പത്തു വര്‍ഷത്തിലേറെക്കാലം ഡല്‍ഹിയില്‍ മാധ്യമം, മംഗളം പത്രങ്ങളുടെ ആദ്യ ഡല്‍ഹി റിപോര്‍ട്ടറും ബ്യൂറോ ചീഫുമായി പ്രവര്‍ത്തിച്ചു. 1997 ഒക്ടോബറില്‍ ഗള്‍ഫില്‍ എത്തി. ഷാര്‍ജയിലെ ദി ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തില്‍ സീനിയര്‍ റിപോര്‍ട്ടര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ നാല് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. 2002 മുതല്‍ ദുബായ് മുനിസിപാലിറ്റി മീഡിയ സെക്ഷനില്‍ സീനിയര്‍ മീഡിയ ഓഫിസര്‍. ഇടയ്ക്ക് അഞ്ച് വര്‍ഷക്കാലം ഖത്തറില്‍ റാസ് ഗ്യാസ് കമ്പനിയിലെ മീഡിയ റിലേഷന്‍സ് ഓഫിസറായും ജോലി നോക്കി. ഏഴ് വര്‍ഷക്കാലം ദുബായ് മുനിസിപ്പാലിറ്റിയുടെ ഇംഗ്ലീഷ് മീഡിയ വിഭാഗം കൈകാര്യം ചെയ്തു.
ഭാര്യ: ഡോക്ടര്‍ റാബിയ. മക്കള്‍: ഓമല്‍(എന്‍ജിനീയര്‍, ദുബായ്), മാസിന്‍ (എന്‍ജിനീയര്‍, ദുബായ്)





