01
Sep 2023
Thu
01 Sep 2023 Thu

ലോകത്തിലെ ആദ്യ ഒഴുകും മസ്ജിദ് നിര്‍മിക്കാനൊരുങ്ങി ദുബായ്. 55 ദശലക്ഷം ദിര്‍ഹമാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. മൂന്നു നിലകളിലായാണ് ഒഴുകും മസ്ജിദിന്റെ നിര്‍മാണം. ഇതിന്റെ പകുതി വെള്ളത്തിന്റെ അടിയിലും പകുതി വെള്ളത്തിന്റെ മുകളിലുമായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളത്തിന്റെ അടിയില്‍ നമസ്‌കാര സൗകര്യവും വെള്ളത്തിന്റെ മുകളിലെ നിലയില്‍ ഇരിക്കാനും കോഫി ഷോപ്പുമായിരിക്കും ഉണ്ടാവുക. ഒരുസമയം 50 മുതല്‍ 75 പേര്‍ക്കുവരെ വെള്ളത്തിന്റെ അടിയിലെ നിലയില്‍ നിസ്‌കരിക്കാനാവും. അടിനിലയില്‍ അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും വാഷ് റൂമും ഉണ്ടാവും. നമസ്‌കാര നിലയിലെ ചില്ലുഭിത്തിയിലൂടെ പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനാവും.

ഇസ് ലാമിക് കാര്യ, ജീവകാരുണ്യ വകുപ്പാണ് ഒഴുകും മസ്ജിദ് പദ്ധതിയുടെ പ്രഖ്യാപനം ദുബായില്‍ വച്ച് നടത്തിയത്. പദ്ധതിയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. എവിടെയാവും ഒഴുകും മസ്ജിദ് നിര്‍മിക്കുകയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. തീരത്തോട് അടുത്താവും ഇത് സ്ഥാപിക്കുകയെന്നും കരയില്‍ നിന്ന് വിശ്വാസികള്‍ക്ക് പാലത്തിലൂടെ ഇവിടേക്ക് എത്താനാവുമെന്നും വകുപ്പ് പ്രതിനിധി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു. ഏതുമതക്കാര്‍ക്കും ഒഴുകും പള്ളി സന്ദര്‍ശിക്കാനാവുമെന്നും എന്നാല്‍ ഇസ് ലാമിക സംസ്‌കാരത്തിനുസൃതമായ മാന്യമായ വസ്ത്രധാരണം നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.