സാം പിട്രോഡയുടെ ‘വരൂ ലോകം പുനർനിർമ്മിക്കാം’ എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ വച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്തു . നോർക്ക ഡയറക്ടർ ജെ കെ മേനോൻ പുസ്തകം ഏറ്റുവാങ്ങി . ഗ്രന്ഥകർത്താവ് സാം പിട്രോഡ ചിക്കാഗോയിൽ നിന്ന് സദസ്സുമായി സംവദിച്ചു . റൈറ്റേഴ്സ് ഫോറത്തിൽ വച്ചാണ് പ്രകാശനകർമം നടന്നത് . പുസ്തകത്തിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്ന എഴുത്തുകാരൻ മൻസൂർ പള്ളൂരും ചടങ്ങിൽ സംബന്ധിച്ചു .
|
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ,നോബൽ ജേതാവും എഴുത്തുകാരനുമായ റോൾഡ് ഹോഫ്മാൻ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പ്രകീർത്തിച്ച പുസ്തകം അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ് . നാം ജീവിക്കുന്ന ഭൂമിയെയും മനുഷ്യരെയും സംബന്ധിച്ച ഉൾക്കാഴ്ചയുള്ള പ്രവത്തന പദ്ധതി മുന്നോട്ട് വെക്കുന്ന പുസ്തകമാണ് സാം പിട്രയുടെ പുസ്തകമെന്ന് വി ഡി സതീശൻ പറഞ്ഞു .
പലസ്തീൻ -ഇസ്രായേൽ യുദ്ധത്തിൽ ഐക്യരാഷട്ര സഭയുടെ റോൾ ഇല്ലാതായി. എല്ലാ ദിവസും ന്യൂസ് പ്രസ്താവന ഇറക്കുന്ന എജൻസിയായി ഐക്യരാഷ്ട്ര സഭയും മാറിയെന്നും വി ഡി സതീശൻ പറഞ്ഞു. മൂന്നാമത് ലോകക്രമം എന്നത് ഒരു ദർശനമാണ്. അതിന് നമ്മളെ ചിന്തിപ്പിക്കുന്ന കർമ്മ പദ്ധതിയാണ് ഈ പുസ്തകം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഡോ. സാം പിത്രോദയെ കണ്ടെത്തിയത് കാരണമാണ് , ഇന്ത്യയിൽ ടെലികോം വിപ്ലവം ഉണ്ടായത്. ലോകത്ത് ഇന്ന് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുളള കമ്മ്യൂണിക്കേഷൻ സംവിധാനമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
എഴുത്തിന്റെ സാങ്കേതിക ഭാഷയും വാക്കുകളുടെ സൗന്ദര്യവും നഷ്ടമാവാതെ പുസ്തകം മലയാളത്തിൽ ലഭ്യമാക്കിയ എഴുത്തുകാരൻ മൻസൂർ പള്ളൂരിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു . എൽവിസ് ചുമ്മാർ അവതാരകനായിരുന്നു . ലോകം ഏറെ ചർച്ച ചെയ്യുന്ന മഹത്തരമായ ഒരു കൃതി ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജെ കെ മേനോൻ പറഞ്ഞു . ചടങ്ങിൽ അനുര മത്തായി , മഹാദേവൻ എന്നിവരും സന്നിഹിതരായിരുന്നു. നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു .മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്





