എറണാകുളം: പെരുമ്പാവൂരില്‍ കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ തോടിന്റെ കരയില്‍ തള്ളിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോണ്‍ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുല്‍ ഇസ്ലാം, മുഷിത ഖാത്തൂന്‍ എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിനായി ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതാണെന്നും പോലീസ് കണ്ടെത്തി.
|
ഒക്ടോബര്‍ 8 ന് വൈകീട്ട് 6 മണിയോടെയാണ് പെരുമ്പാവൂര്‍ മുടിയ്ക്കല്‍ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. തുണിയില്‍പ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, താമസിയ്ക്കുന്ന സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. തുടര്‍ന്ന് മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിയ്ക്ക് അടുത്ത ദിവസങ്ങളില്‍ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം ആസാമിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍പ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നാണ് പ്രതികള്‍ ആളൊഴിഞ്ഞപ്രദേശത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് അന്ന് തന്നെ ഇവര്‍ ആസാമിലേക്ക് കടന്നു. ആദ്യ വിവാഹം വേര്‍പെടുത്തി കേരളത്തില്‍ വന്ന് ഒരുമിച്ച് ജീവിക്കുയായിരുന്നു ഇരുവരും.





