30
Oct 2023
Sat
30 Oct 2023 Sat

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി സജാലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതിയെന്ന് ആലുവ റൂറല്‍ എസ്.പി. വിവേക് കുമാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതി സജാലാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതെന്ന് റൂറല്‍ എസ്.പി. വ്യക്തമാക്കി.പെണ്‍കുട്ടി നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ പ്ലൈവുഡ് കമ്പനിയുടെ പിറകില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് പീഡിപ്പിച്ചെന്നുമാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.പ്ലൈവുഡ് കമ്പനിയിലാണ് കുട്ടിയുടെ അച്ഛനും അമ്മയും ജോലി ചെയ്യുന്നത്. പ്ലൈവുഡ് കമ്പനിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതായി രക്ഷിതാക്കള്‍ക്ക് മനസിലാകുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംശയം തോന്നിയവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയാണ് അമ്മക്ക് സംശയമുണ്ടായിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്നാണ് വിവരം.