28
Dec 2023
Wed
28 Dec 2023 Wed

കൊച്ചി: എറണാകുളം വടക്കേക്കരയില്‍നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി (26) എന്നിവരാണ് പിടിയിലായത്. വടക്കേക്കര പൊലീസാണ് ഇവരെ പിടികൂടിയത്. ഇവിടെനിന്നു നല്‍കിയ വിവരത്തെ തുടര്‍ന്ന് ഈ കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗുവാഹത്തി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവരെ എറണാകുളത്ത് എത്തിക്കാനായി പൊലീസ് സംഘം അവിടേക്കു പുറപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന അസം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് ഭാഷ്യം.

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവരെ പ്രതികള്‍ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തിലെത്തി ടിക്കറ്റെടുത്ത് ഇവര്‍ ഗുവാഹത്തിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകാന്‍ സഹായിച്ചവരെ പിടികൂടിയതും കുട്ടികളെ ഗുവാഹത്തി വിമാനത്താവളത്തില്‍വച്ച് കണ്ടെത്തിയതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.