26
Oct 2024
Fri
26 Oct 2024 Fri
Abhimanyu murder case

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 4ലേക്കു മാറ്റി.(Abhimanyu murder: Case adjourned to December)  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച പ്രാരംഭവാദം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ പുനഃസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രതിഭാഗം അപേക്ഷ സമര്‍പ്പിച്ചു. രേഖകള്‍ നേരത്തേ നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രേഖകളെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് കോടതിയും നിരീക്ഷിച്ചു.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നതും അപേക്ഷ തീര്‍പ്പാക്കുന്നതും ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.

പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നാല് കേസുകളാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ളത്.
നാല് കേസുകളും ഒരുമിച്ച് വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

4 കേസുകളിലുമായി 16 പ്രതികളാണ് ഉള്ളത്. കേസിലെ എല്ലാ പ്രതികളും ഇതിനകം അറസ്റ്റിലായി. 2018 സെപ്തംബര്‍ 26 ന് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. പ്രതിഭാഗത്തിന്റെ അഭ്യര്‍ഥനപ്രകാരം വിചാരണ പലതവണ മാറ്റിവച്ചിരുന്നു. വിചാരണ കഴിഞ്ഞവര്‍ഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ പുനര്‍സൃഷ്ടിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം.

26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. സഹല്‍ ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.