25
Jan 2025
Thu
25 Jan 2025 Thu

കോഴിക്കോട്: പുനര്‍ വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഇഷാനയോടൊപ്പമുള്ള സംഘവും അറസ്റ്റിലായി. പണവും വിലപിടിപ്പുളള സാധനങ്ങളും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടിയാണ് ഇന്നലെ വലയിലായത്. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരെ നടക്കാവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും കാസര്‍കോട് സ്വദേശിനിയുമായ ഇഷാന നേരത്തെ അറസ്റ്റിലായിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറാണ് പരാതിക്കാരന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുനര്‍ വിവാഹത്തിനായി ഡോക്ടര്‍ നേരത്തെ പത്രത്തിലെ മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിലെ നമ്പറില്‍ വിളിച്ച് ഇഷാന ഡോക്ടറുമായി പരിചയത്തിലായാണ് തട്ടിപ്പിന് തുടക്കം. തുടര്‍ന്ന് വിവാഹവും തീരുമാനിച്ചു. ഇഷാന കോഴിക്കോട് താമസിക്കാന്‍ വീടെടുക്കാനായി ഡോക്ടറോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ അത് നല്‍കുകയും ചെയ്തു. വീട് കാണാന്‍ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ളവ ഇഷാനക്കൊപ്പമുണ്ടായിരുന്ന സംഘം തട്ടിയെടുത്തത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടിനായിരുന്നു ഈ സംഭവം. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആദ്യം ഇഷാന അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സഹപ്രതികളെക്കുറിച്ച് സൂചനലഭിച്ചത്.

കാസര്‍കോട് വച്ചാണ് മാജിദും സലീമും പിടിയിലായത്. പരാതിക്കാരന്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സലീമാണ് ഇഷാനയുടെ സഹോദരന്‍ എന്ന വ്യാജേനെ വിവാഹക്കാര്യങ്ങള്‍ സംസാരിച്ചത്. മജീദ് കല്യാണ ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ആളാണ് എന്നും പൊലീസ് കണ്ടെത്തി. വര്‍ മുന്‍പും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ഇഷാനയെ മുമ്പില്‍വച്ചായിരുന്നു ഇവരുടെ തട്ടിപ്പുകളെല്ലാം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Accused arrested in marriage fraud Ishana scam case