മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ജീപ്പില്‍ നിന്നു പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതി പൊലീസിനെ ആക്രമിച്ചു കടന്നു
|
തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചു കവര്‍ച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പൊലീസിനെ ആക്രമിച്ചു കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയി. തമിഴ്‌നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകന്‍ (33) ആണ് കടന്നുകളഞ്ഞത്. ബാലമുരുകന്‍ തമിഴ്‌നാട്ടില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. റിമാന്റിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെങ്കാശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ പോരുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ ഇയാളടക്കം നാല് പ്രതികളെ 18നു കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തെളിവെടുപ്പിനായി തെങ്കാശിയില്‍ കൊണ്ടുപോയി തിരിച്ചു വരുന്ന വഴി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാള്‍ കടന്നു കളഞ്ഞത്.
രണ്ട് ജീപ്പുകളിലായാണ് പ്രതികളെ കൊണ്ടു പോയത്. തിരിച്ചു വരുന്ന വഴി ഡിണ്ടിഗല്‍ കൊടൈ റോഡ് ടോള്‍ ഗേറ്റിനു സമീപമെത്തിയപ്പോള്‍ ഇയാള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞു പുറത്തിറങ്ങി കടന്നു കളയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.





