കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ വധിച്ച കേസിലെ പ്രതികളെ കൊലപ്പെടുത്താന്‍ ഗൂഡാലോചനയെന്ന് ഓണ്‍ലൈന്‍ മാധ്യമം വ്യാജപ്രചാരണം നടത്തുന്നതായി പരാതി. പ്രതികളെ വധിക്കാന്‍ ക്വട്ടേഷനായി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നത്.
|
പ്രതികളെ വധിക്കാനുള്ള ക്വട്ടേഷനായി 50 ലക്ഷം രൂപ പിരിവെടുത്തെന്നും അണങ്കൂര്‍ സ്വദേശിയായ അബൂബക്കര്‍ സുഹൈലിന്റെ നേതൃത്വത്തിലാണ് പണപ്പിരിവ് നടത്തുന്നതെന്നുമാണ് പ്രചാരണം. സംഭവത്തില്‍ അബൂബക്കര്‍ സുഹൈലിന്റെ പരാതിയില്‍ കാസര്‍കോട് എസ്പി ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയായിരുന്നു റിയാസ് മൗലവിയുടെ കൊലപാതകം. ഏഴുവര്‍ഷത്തിന് ശേഷം സംശയത്തിന്റെ ആനുകൂല്യം നല്‍കി ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നുപ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് ഈ വിധി വന്നത്.
പ്രതികള്‍ ആര്‍എസ്എസുകാരാണെന്നും മതപരമായ വിരോധമാണ് മൗലവിയെ കൊല്ലാന്‍ കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സജീവ ചര്‍ച്ചയായിരുന്നു.
വിധിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തില്‍ നിന്നുയര്‍ന്ന കടുത്ത രോഷം മുതലെടുത്ത് കാസര്‍കോട് അണംകൂരില്‍ നിന്നുള്ള സംഘം ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുന്നതായാണ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയില്‍ പറയുന്നത്.





