കോഴിക്കോട്: 22 ദിവസത്തെ ചികിത്സക്കുശേഷം അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന്റെ പിടിയില്‍നിന്ന് ജീവന്‍ തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തോടെ അഫ്‌നാന്‍ ബാസിം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന പിതാവ് എം.കെ. സിദ്ദീഖിന്റെ മുഖത്തും പുനര്‍ജന്മം കിട്ടിയ ആശ്വാസം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ചിരിക്കുന്നത്. ‘ദൈവത്തിന് സ്തുതി, ചികിത്സിച്ച ഡോക്ടര്‍മാക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും ഒരുപാട് നന്ദി.. പിന്നെ എനിക്കും പഠിച്ച് ഡോക്ടറാകണം’ -തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന ദൈവദൂതന്മാരായ ഡോക്ടര്‍മാരെ പോലെയാവണം എന്നാണ് ഇപ്പോള്‍ അഫ്‌നാന്റെ ഏറ്റവും വലിയ ആഗ്രഹം. സ്വന്തമെന്ന പോലെ തന്നെ പരിചരിച്ച ഡോക്ടര്‍മാരുടെ സേവന മനസ്സ് കണ്ടാണ് നഴ്‌സാവണമെന്ന ആഗ്രഹം മാറി ഡോക്ടറാവാനുള്ള മോഹമുദിച്ചത്.
|
ഡോക്ടര്‍മാരുടെ നിതാന്ത ജാഗ്രതയും ഒപ്പം നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ഥനയുമാണ് മകനും തങ്ങള്‍ക്കും പുനര്‍ജന്മം തന്നതെന്നും അദ്ദേഹം പറഞ്ഞു. അവനുവേണ്ടി നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. പള്ളികളെന്നോ ക്ഷേത്രങ്ങളെന്നോ വ്യത്യാസമില്ലാതെ അഫ്‌നാന്റെ ആരോഗ്യത്തോടെയുള്ള മടങ്ങിവരവിനായി പ്രാര്‍ഥിച്ചു. സഹോദര മതസ്ഥര്‍ മകന്റെ നാള് ചോദിച്ച് വഴിപാടുകള്‍വരെ നടത്തിയെന്ന് സിദ്ദീഖ് പറയുന്നു.
പിതാവിന്റെ അതിജാഗ്രതയാണ് അഫ്‌നാനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിലും ജീവിതത്തിലേക്ക് വഴിനടത്തുന്നതിലും നിര്‍ണായകമായത്. മകന് പനി അനുഭവപ്പെട്ടപ്പോള്‍ സിദ്ദീഖ് ആദ്യം ഓര്‍ത്തത് കുറച്ചുദിവസം മുമ്പ് അവന്‍ കുളത്തില്‍ മുങ്ങിക്കുളിച്ചിരുന്നല്ലോയെന്നായിരുന്നു. ജീവിതത്തില്‍ ആദ്യമായി കുട്ടിക്ക് അപസ്മാരം വന്നതോടെ ഭയമായി. വടകര പാര്‍കോ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാരോട് ഇക്കാര്യം സൂചിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് പോകാമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
പനി പിടിപെട്ടയുടന്‍ അപസ്മാരം അനുഭവപ്പെട്ടത് മകനെ രക്ഷിക്കാനായിരുന്നുവെന്ന് സിദ്ദീഖ് ഉറച്ചു വിശ്വസിക്കുന്നു. സ്ഥിരീകരിച്ചിട്ടും മകനോടും ഭാര്യയോടും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുട്ടി അറിയാതിരിക്കാന്‍ ഡോക്ടര്‍മാരും പ്രത്യേകം ശ്രദ്ധിച്ചു. മീഡിയകളിലൂടെയും മറ്റും വിവരം അറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് ഡോക്ടര്‍ വിലക്കി. അതിനിടെ തൊട്ടടുത്ത ബെഡില്‍ കിടന്ന അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച ഫറോക്ക് സ്വദേശിയായ കുട്ടി മരിച്ചപ്പോള്‍ ആധിയേറിയെങ്കിലും ഡോ. അബ്ദുല്‍ റഊഫ് സിദ്ദീഖിനെ സമാധാനിപ്പിച്ചു.
പയ്യോളി ജി.വി.എച്ച്.എസ് 10ാം ക്ലാസ് വിദ്യാര്‍ഥിയായ അഫ്‌നാന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് നീന്തല്‍ പഠിച്ചത്.
തുടക്കത്തില്‍ത്തന്നെ രോഗം കണ്ടെത്തി മരുന്നു നല്‍കാന്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമായത്. മസ്തിഷ്‌കത്തെ കാര്‍ന്നു തിന്നുന്ന രോഗാണു ബാധിച്ചാല്‍ മരണം ഉറപ്പെന്നായിരുന്നു ഇതുവരെയുള്ള ഫലം. എന്നാല്‍ തിക്കോടിയിലെ പതിനാലുകാരന്‍ അതു തിരുത്തിക്കുറിച്ചു ചരിത്രത്തിന്റെ ഭാഗമായി. അതേസമയം, 26 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന അത്യപൂര്‍വ രോഗം ഇടയ്ക്കിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയേറ്റുകയാണ്. രണ്ടു മാസത്തിനിടെ മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളില്‍ ഈ അസുഖം ബാധിച്ച് മരിച്ചത്. കോഴിക്കോടും കൊച്ചിയിലുമായി രണ്ടു കുട്ടികള്‍ കൂടി ചികിത്സയിലുണ്ട്. കൊച്ചിയില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിയായ കുട്ടിയുടെ നില ഭേദപ്പെട്ടു. എന്നാല്‍ കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്.





