25
Aug 2025
Sat
25 Aug 2025 Sat
nagpur court

നിരോധിത സംഘടനയായ സിമിയുടെ യോഗം സംഘടിപ്പിച്ചുവെന്നും ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും ആരോപിച്ച് അറസ്റ്റിലായ എട്ട് പേരെ 18 വര്‍ഷത്തിന് ശേഷം നാഗ്പൂര്‍ കോടതി വെറുതെവിട്ടു. സിമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനോ സാമ്പത്തിക സഹായം നല്‍കിയതിനോ ഇവര്‍ക്കെതിരേ യാതൊരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരോധിക്കപ്പെട്ട സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനോ തെളിവ് ഹാജരാക്കാതെ കേവലം സംഘടനാ ലഘുലേഖകളോ രേഖകളോ കൈയില്‍ വയ്ക്കുന്നതു കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാവില്ലെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കെ ബങ്കര്‍ ചൂണ്ടിക്കാട്ടി.

2006ലാണ് 30നോട് അടുത്ത പ്രായമുള്ള നാഗ്പൂര്‍ സ്വദേശികളായ എട്ട് പേരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ സിമിയുമായി ബന്ധിപ്പിക്കുന്ന രഹസ്യ വിവരം ലഭിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, അത്തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ല.

ALSO READ: ‘ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’- നെതന്യാഹുവിനെതിരേ ആഞ്ഞടിച്ച് ഇറാന്‍ സ്പീക്കര്‍

പ്രതികളുടെ വീട്ടില്‍ നിന്ന് കുറ്റകരമായ വസ്തുക്കള്‍ ലഭിച്ചുവെന്ന് പോലീസ് അവകാശപ്പെട്ടുവെങ്കിലും അത് കോടതിയില്‍ തെളിയിക്കാനായില്ല. പോലീസ് ഹാജരാക്കിയ സ്വതന്ത്ര സാക്ഷികളില്‍ ഒന്നു പോലും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയില്ല.

ഷാക്കിര്‍ വാര്‍സി, ഷാക്കിര്‍ അഹ്‌മദ് നസീര്‍ അഹ്‌മദ്, മുഹമ്മദ് റിഹാന്‍ അതുല്ല ഖാന്‍, ജിയായുര്‍ റഹ്‌മാന്‍ മെഹ്ബൂബ് ഖാന്‍, വകാര്‍ ബെയ്ഗ് യൂസുഫ് ബെയ്ഗ്, ഇംതിയാസ് അഹ്‌മദ് നിസാര്‍ അഹ്‌മദ്, മുഹമ്മദ് അബ്‌റാര്‍ ആരിഫ് മുഹമ്മദ് കാസിം, ശെയ്ഖ് അഹ്‌മദ് ശെയ്ഖ് എന്നിവരെയാണ് യുഎപിഎ 10,13 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് വിമുക്തരാക്കിയത്.

യുഎപിഎ കേസുകളില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കുടുക്കുകയും വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം തെളിവുകളില്ലാതെ വിട്ടയക്കപ്പെടുകയും ചെയ്യുന്ന ഏറ്റവും പുതിയ കേസാണിത്.

2021ല്‍ സൂറത്ത് കോടതി, സിമി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട 127 പേരില്‍ 122 പേരെ വെറുതെവിട്ടിരുന്നു. ഇതില്‍ അഞ്ച് പേര്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.