18
Mar 2023
Thu
18 Mar 2023 Thu

ടൊറന്റോ: വിസാ രേഖകള്‍ വ്യാജമായി ചമച്ച കുറ്റത്തിന് 700ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാനഡയില്‍ നിന്ന് നാടുകടത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയതായി കാട്ടി വിദ്യാര്‍ഥികള്‍ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2018 മുതല്‍ 2022 വരെ നല്‍കിയ വിസാ അപേക്ഷകളില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ഥികളുടെ രേഖകളിലാണ് കൃത്രിമം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജലന്ധര്‍ ആസ്ഥാനമായ എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് എന്ന സ്ഥാപനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നത്. പ്ലസ്ടു പാസായവരാണ് വിദ്യാര്‍ഥികള്‍. ബ്രിജേഷ് മിശ്ര എന്നയാളാണ് സ്ഥാപനയുടമയെന്ന് ടൊറന്റോയിലെ ചമന്‍ സിങ് ബട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍നരേറ്റിവ് ഡോട്ട് കോം റിപോര്‍ട്ട് ചെയ്തു. വിസ തരപ്പെടുത്തി നല്‍കാന്‍ ബ്രിജേഷ് മിശ്ര വിദ്യാര്‍ഥികളില്‍ നിന്ന് 16 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് ഈടാക്കിയത്. ഹംബര്‍ കോളജിലേക്കുള്ള അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെയെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. ഇതിനു പുറമേ വിമാനടിക്കറ്റും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും മുടക്കിയാണ് വിദ്യാര്‍ഥികള്‍ കാനഡയിലെത്തിയത്.

വിദ്യാര്‍ഥികള്‍ ടൊറന്റോയില്‍ ഇറങ്ങിയതിനു പിന്നാലെ ബ്രിജേഷ് മിശ്ര കോളജിലെ അഡ്മിഷന്‍ പൂര്‍ത്തിയായതായും പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്നതിനായി ആറുമാസം കാത്തിരിക്കണമെന്നും ഇവരോട് പറഞ്ഞു. അതിനു കഴിയാത്തവര്‍ മറ്റേതെങ്കിലും കോളജില്‍ പ്രവേശനം നേടണമെന്നും ഇയാള്‍ പറയുകയുണ്ടായി. ഹമ്പര്‍ കോളജിലേക്ക് പ്രവേശനഫീസ് ഇനത്തില്‍ വാങ്ങിയ പണം ഇയാള്‍ തിരികെ നല്‍കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഇയാളെ വിശ്വാസമാവുകയും ചെയ്തു.

തുടര്‍ന്ന് ഇയാളുടെ നിര്‍ദേശപ്രകാരം ചെറിയ കോളജുകളില്‍ രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയായ ശേഷം വര്‍ക്ക് പെര്‍മിറ്റ് എടുത്ത് ജോലി തുടങ്ങി. പെര്‍മനന്റ് റെസിഡന്റ് വിസയ്ക്ക് അര്‍ഹതയായതോടെ വിദ്യാര്‍ഥികള്‍ ഇതിന് അപേക്ഷ നല്‍കി. ഇതോടെ അധികൃതര്‍ നടപടിയുടെ ഭാഗമായി വിസാ രേഖകള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി. ഈ സമയമാണ് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്ന ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണ് അധികൃതര്‍ക്ക് മനസ്സിലാവുന്നത്.

ഹിയറിങ്ങിനു വിദ്യാര്‍ഥികളെ വിളിച്ച ശേഷമാണ് ഇവര്‍ക്കെല്ലാം നാടുകടത്തല്‍ നോട്ടിസ് നല്‍കിയത്. വിദ്യാര്‍ഥികളുടെ വിസാ ആപ്ലിക്കേഷനില്‍ വിസാ ഏജന്റ് എന്ന നിലയില്‍ ഒപ്പുവയ്ക്കാതിരുന്ന ബ്രിജേഷ് മിശ്ര വിദഗ്ധമായി കുറ്റം വിദ്യാര്‍ഥികള്‍ക്കു മേല്‍ ചുമത്തുകയാണ് ചെയ്തതെന്ന് ഭട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖകള്‍ ചമച്ചത് വിസാ ഏജന്റ് ആണെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയാതെ വന്നതോടെയാണ് നാടുകടത്തല്‍ ഒഴിവാക്കാനാവാതെ വന്നത്. നാടുകടത്തല്‍ നടപടിയെ നിയമപരമായി ചോദ്യംചെയ്യുക എന്നതുമാത്രമാണ് വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള പോംവഴി. എന്നാല്‍ ഇതിന് മൂന്നുമുതല്‍ നാലുവര്‍ഷം വരെ സമയമെടുക്കും. നിയമസേവനത്തിന് കനത്ത ചെലവ് വരുമെന്നതും വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള വെല്ലുവിളിയാണ്.