24
Jan 2025
Sat
24 Jan 2025 Sat
Al-Muqtadir jewellery

കൊച്ചി: അല്‍ മുക്തദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് മന്‍സൂര്‍ ആലം കോടികളുമായി മുങ്ങിയെന്ന സ്വര്‍ണവ്യാപാരികളുടെ സംഘടനാ നേതാവിന്റെ ആരോപണം തികച്ചും വ്യാജമാണെന്ന് പ്രതികരിച്ച് മുഹമ്മദ് മന്‍സൂര്‍ ആലം. (Al-Muqtadir jewellery: Mohammed Mansour Abdul Salam says the allegations are false)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായി എത്തിയവര്‍ 2000 കോടിയുമായി മുങ്ങിയതായിട്ടാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസറിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍ ആരോപിക്കുന്നത്. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയിട്ടുണ്ടെന്നും ആരോപണത്തിലുണ്ട്.

ALSO READ: മുറാദാബാദില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം; മരിച്ചയാള്‍ക്കെതിരേ കേസ്; രക്ഷപ്പെട്ടയാളെ അറസ്റ്റ് ചെയ്തു; പ്രതികള്‍ ഇപ്പോഴും പുറത്ത് വിലസുന്നു

തട്ടിപ്പില്‍ ഡോക്ടറേറ്റും,നിരവധി ഹോണററി ബിരുദങ്ങളും ഈ കാലയളവില്‍ ഇയാള്‍ വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നും ഈ തട്ടിപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ചില പുരോഹിതന്മാര്‍ ഇയാള്‍ക്ക് കൂട്ടായിട്ടുണ്ടെന്നും അബ്ദുല്‍ നാസര്‍ ആരോപിച്ചിരുന്നു.

എന്നാല്‍, കൊള്ളലാഭം കൊയ്യാന്‍ കൂട്ടുനില്‍ക്കാത്തതിനാലാണ് സ്വര്‍ണവ്യാപാരികളുടെ സംഘടന അല്‍ മുക്താദിര്‍ ഗ്രൂപ്പിനെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പ്രതികരിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച
ഓണ്‍ലൈന്‍ ചാനലിനും സ്വര്‍ണവ്യാപാരി സംഘടനാ ഭാരവാഹിക്കും എതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആറിയിച്ചു.

ആറു വര്‍ഷമായി പണിക്കൂലി ഇല്ലാതെയാണ് കല്യാണപാര്‍ട്ടികള്‍ക്കും മറ്റും അല്‍മുക്താദിര്‍ ഗ്രൂപ്പ് സ്വാര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത്. ഇതുവഴി ജനങ്ങള്‍ക്കു വന്‍ ലാഭം നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ഇതില്‍ അര്‍ഷമുള്ള ചില ജ്വല്ലറി ഉടമകളാണ് വ്യാജ പ്രചാരണത്തിന് പിന്നില്‍.

ALSO READ: എച്ച്എംപിവി വൈറസ് ഏഷ്യയില്‍ പടരുന്നു; തുടക്കം ചൈനയില്‍ നിന്ന്

സ്ഥാപനം ജിഎസ്ടി തട്ടിപ്പ് നടത്തുന്നു, താന്‍ നിക്ഷേപകരുടെ 2000 കോടി രൂപയുമായി മുങ്ങി തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഡിസംബര്‍ വരെ 70 കോടി രൂപ ജിഎസ്ടി ഇനത്തില്‍ സ്ഥാപനം അടച്ചിട്ടുണ്ട്. പോലീസും സര്‍ക്കാരും അന്വേഷണം നടത്തിയിട്ടും നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായിട്ടില്ല. പണമടച്ച് സ്വര്‍ണം ബുക്ക് ചെയ്ത വിവാഹപാര്‍ട്ടികള്‍ക്ക് കാലതാമസമില്ലാതെ ആഭരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

അല്‍ മുക്തദിര്‍ ഗോള്‍ഡ് മാള്‍ കോഴിക്കോടും കാസര്‍കോഡും വൈകാതെ ആരംഭിക്കും. എടപ്പാളില്‍ പുതിയ ഷോറൂം അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. യുഎഇയില്‍ മൂന്നും കേരളത്തില്‍ 40ഉം ഷോറൂമുകളുമുള്ള അല്‍ മുക്തദിര്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ 25 ഇരട്ടി ബിസിനസ് വളര്‍ച്ചയാണ് നേടിയതെന്നും മുഹമ്മദ് മന്‍സൂര്‍വ്യക്തമാക്കി.

3,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നത്. എറണാകുളം, മിഡില്‍ ഈസ്റ്റ്, സൗദി അറേബ്യ, ഖത്തര്‍ ഇവിടെയെല്ലാം പുതിയ സ്ഥാപനങ്ങള്‍ തുറക്കും. കേരളത്തില്‍ മാത്രം അടുത്ത വര്‍ഷങ്ങളില്‍ 10,000 കോടി രൂപയുടെ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും ഗ്രൂപ്പ് വ്യക്തമാക്കി.